ശ്രീനഗര്‍ | വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. അധിക ലഗേജിന് ചാര്‍ജ് നല്‍കണം എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥന്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളുടെ നട്ടെല്ലിന് ഒടിവും മറ്റൊരാളുടെ താടിയെല്ലിന് ഗുരുതരമായ പരുക്കുമേറ്റു.
വിമാനത്താവളത്തില്‍ വച്ച് അധിക ലഗേജിന് ചാര്‍ജ് നല്‍കണമെന്ന ആവശ്യം ജീവനക്കാരന്‍ അറിയിച്ചപ്പോള്‍ യാത്രക്കാരന്‍ അവിടെയുള്ള സൈന്‍ബോര്‍ഡ് ഉപയോഗിച്ച് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസംപുറത്തു വന്നിരുന്നു. ജൂലൈ 26 ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോര്‍ഡിംഗ് ഗേറ്റില്‍ വച്ചാണ് സ്പൈസ് ജെറ്റ് ജീവനക്കാരെ യാത്രക്കാരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു. സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ജീവനക്കാരില്‍ ഒരാള്‍ ബോധരഹിതനായി നിലത്ത് വീണു. എന്നിട്ടും യാത്രക്കാരന്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. ബോധരഹിതനായ സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ കുനിഞ്ഞപ്പോള്‍ താടിയെല്ലിന് ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരന് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായതായും പറയുന്നു. പരുക്കേറ്റ ജീവനക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യോമയാന ചട്ടങ്ങള്‍ക്കനുസൃതമായി യാത്രക്കാരന് വിലക്കേര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു.ജീവനക്കാരന് നേരെ ഉണ്ടായ ആക്രമണത്തില്‍ സ്പൈസ് ജെറ്റ് വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുകയും യാത്രക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
source https://www.sirajlive.com/soldier-attacks-airport-four-employees-seriously-injured.html
إرسال تعليق