ഹജ്ജ് അപേക്ഷാ സമർപ്പണം നാല് ദിനം കൂടി: ഞായറാഴ്ചയും ഹജ്ജ് കമ്മിറ്റി ഓഫീസ് സജീവം

കൊണ്ടോട്ടി | 2026 വർഷത്തേക്കുള്ള ഹജ്ജ് അപേക്ഷാ സമർപ്പണത്തിന് നാല് ദിനം കൂടി ബാക്കിയിരിക്കെ അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കാൻ ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിലും കരിപ്പൂർ ഹജ്ജ് ഹൗസ് തുറന്ന് പ്രവർത്തിച്ചു. ഇതുവരെ ലഭിച്ച അപേക്ഷകൾ മുൻഗണനാക്രമത്തിൽ സൂക്ഷ്മ പരിശോധന നടത്തി കവർ നമ്പർ നൽകുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കർഷിച്ച സൈസിലും ക്വാളിറ്റിയിലുമാണ് പാസ്‌പോർട്ട് കോപ്പിയും മറ്റു രേഖകളും അപ്്ലോഡ് ചെയ്യേണ്ടത്. ഇതു പരിശോധിച്ചാണ് കവർ നമ്പർ നൽകി വരുന്നത്. രേഖകൾ വ്യക്തമല്ലെങ്കിൽ കവർ നമ്പർ അനുവദിക്കില്ല.
പതിവിനു വിപരീതമായി ഈ വർഷം വളരെ നേരത്തേയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഈ വർഷം കോഴിക്കോട് വഴി ഹജ്ജിനു പുറപ്പെടാൻ നൽകിയവർ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിമാന യാത്രക്കൂലി മറ്റു പുറപ്പെടൽ കേന്ദ്രങ്ങളെക്കാൾ 40,000 രൂപ അധികം നൽകേണ്ടിവന്നതാണ് കോഴിക്കോട് വഴി ഹജ്ജിന് അപേക്ഷ നൽകുന്നതിന് തീർഥാടകരെ പിന്തിരിപ്പിക്കുന്നത്. കോഴിക്കോട് വഴിയുള്ള ഹജ്ജ് യാത്രാ നിരക്ക് കുറക്കുന്നതിന് ഹജ്ജ് കാര്യമന്ത്രിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര അധികൃതമായി ബന്ധപ്പെട്ടുവരികയാണ്.

ഹജ്ജ് കമ്മിറ്റിയുടെ പ്രധാനപ്പെട്ട പ്രവർത്തകരും സന്നദ്ധ പ്രവർത്തകരായ ട്രെയിനർമാരുമാണ് അപേക്ഷകളിൽ തുടർ പ്രവർത്തനം നടത്തുന്നത്. കേരളത്തിലൊട്ടാകെ അഞ്ഞൂറോളം ട്രെയിനർമാർ വിവിധ കേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. ഈ വർഷത്തെ ഹജ്ജ് ട്രെയിനർമാരുടെ തിരഞ്ഞടുപ്പ് നടന്നുവരികയാണ്. 2026 ഹജ്ജിന് കേരള ഹജ്ജ് കമ്മിറ്റി മുഖേനയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഹജ്ജ് കമ്മറ്റി അസ്സി. സെക്രട്ടറി ജാഫർ കക്കൂത്ത് അറിയിച്ചു.



source https://www.sirajlive.com/hajj-application-submission-period-extended-for-four-more-days-hajj-committee-office-active-on-sunday-as-well.html

Post a Comment

أحدث أقدم