ചെന്നൈ | സനാതന ധര്‍മ വിഷയത്തില്‍ സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. തന്റെ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് സംഘ്പരിവാര്‍ രാജ്യത്താകെ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുള്ള ആയുധമാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ‘സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രസംഗിക്കവേ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
‘എല്ലാവരും തുല്യരായാണ് ജനിക്കുന്നത്, ആരും ജനനം കൊണ്ട് മികച്ചവനോ മോശപ്പെട്ടവനോ ആവുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഇല്ലാതാകണം എന്നാണ് മൂന്നുവര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞത്. എന്നാല്‍, അതിനെ വളച്ചൊടിച്ച് ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു എന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഒരു സംഘം എനിക്കെതിരെ രാജ്യം മുഴുവന്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ഒരു സ്വാമി എന്റെ തല വെട്ടിയെടുത്ത് വരുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മറ്റൊരു സ്വാമി എന്റെ തലയ്ക്ക് ഒരുകോടി പ്രഖ്യാപിച്ചു. ഞാന്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഞാന്‍ അതിന് തയ്യാറായില്ലെന്നു മാത്രമല്ല തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഏത് കേസും നേരിടാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു.’- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
സനാതന ധര്‍മത്തെക്കുറിച്ച് 2023 സെപ്തംബറില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
source https://www.sirajlive.com/udayanidhi-stalin-slams-sangh-parivar-for-distorting-his-sanatana-dharma-remarks.html
Post a Comment