സൗന്ദര്യത്തെ തോൽപ്പിച്ച സദ്സ്വഭാവം

അർഥവും ആകാരവും പൂർണത പ്രാപിച്ചവരാണവർ, മനുഷ്യ സ്രഷ്ടാവ് തന്റെ പ്രിയങ്കരനായി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു (ബുർദ). ശാരീരിക സൗന്ദര്യമുള്ളവർക്ക് പലപ്പോഴും തലക്കനം കൂടുതലായിരിക്കും. അവാച്യമായ ഭംഗിയും അതിനെ കൂടുതൽ പ്രകാശിപ്പിക്കുന്ന സ്വഭാവവും എത്ര മനോഹരമായിരിക്കും. അതായിരുന്നു മുത്തുനബി (സ്വ).
സമൂഹത്തിലെ എല്ലാവർക്കും നന്മ മാത്രം പറയാൻ ബാക്കിവെച്ച ഒരു ജീവിതം അതെത്ര മാതൃകാപരം. പത്ത് വയസ്സ് മുതൽ 11 കൊല്ലം കൂടെ നടന്ന സേവകനായിരുന്നു അനസ് ഇബ്‌നു മാലിക് (റ). “എന്തിന് അങ്ങനെ ചെയ്തു?, എന്തുകൊണ്ട് ഇത് ചെയ്തില്ല?’ പോലുള്ള ഒരു ശകാരം പോലും തിരുനബി(സ്വ) തന്നോട് നടത്തിയിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുമ്പോൾ ആ പെരുമാറ്റം എത്ര ഹൃദ്യമായിരിക്കും.

ഒരിക്കൽ ആഇശ ബീവി, നബി(സ്വ)ക്ക് വേണ്ടി സൗദ ബീവി കൊണ്ടുവന്ന പായസപ്പാത്രം തട്ടിയുടച്ചു. ശബ്ദം പള്ളിയിൽ കേട്ടു. എന്തോ സംഭവിച്ചോ എന്നറിയാൻ പലരും തിടുക്കപ്പെടുന്നുണ്ടായിരുന്നു. തിരു നബി(സ്വ) അവരോടായി പറഞ്ഞു: “ഇന്ന് നിങ്ങളുടെ ഉമ്മാക്ക് അൽപ്പം ദേഷ്യം വന്നു’. പിന്നെ ആ പായസമെല്ലാം നബി തങ്ങൾ തന്നെ എടുത്ത് വൃത്തിയാക്കി. ഒരു ശകാരവുമുണ്ടായില്ലെന്നു മാത്രമല്ല, അത് വൃത്തിയാക്കാൻ പോലും ബീവിയോട് പറഞ്ഞില്ല.
നബി(സ്വ) തന്റെ വീട്ടിലായിരിക്കുമ്പോൾ മറ്റൊരു ഭാര്യയുടെ സത്കാരം ബീവിക്ക് അത്ര പിടിച്ചില്ല. അതാണ് ഈ പെരുമാറ്റത്തിന് ആഇശ ബീവിയെ പ്രേരിപ്പിച്ചത്. അതാകട്ടെ നബി(സ്വ)യോടുള്ള അളവറ്റ സ്‌നേഹം കൊണ്ടായിരുന്നു. ഇത് മനസ്സിലാക്കിത്തന്നെയാണ് പ്രവാചകരും പെരുമാറിയത്. ഭാര്യമാരുടെ പല പിണക്കങ്ങളും ഭർത്താക്കന്മാരോടുള്ള സ്‌നേഹം കൊണ്ടാണെന്ന കാര്യം പലരും മനസ്സിലാക്കാതെ പോകാറുണ്ട്.

നബി(സ്വ) ജൂത സുഹൃത്തിനോട് ഒരു ഒട്ടകം കടം വാങ്ങിയിരുന്നു. തിരുനബി ഏറെ തിരക്കിലായ സമയത്ത് അയാൾ അത് തിരികെ ചോദിച്ചു.
നബി(സ്വ) പറഞ്ഞു: ഉടൻ സംഘടിപ്പിച്ചുതരാം. അയാൾ പറഞ്ഞു: പോരാ ഇപ്പോൾ തന്നെ വേണം. അയാൾ നബി(സ്വ)യെ തടഞ്ഞുവെച്ചു. ഇത് കണ്ടുനിന്ന പലർക്കും പ്രയാസമായി. അയാൾ നൽകിയതിലും വലിയ ഒരു ഒട്ടകത്തെ നബി(സ്വ) അയാൾക്ക് കൊടുത്തു. ഇത് കണ്ടവർ എന്തിനാണ് ഇത്ര വലുത് സ്വഭാവ ദൂഷ്യമുള്ള അയാൾക്ക് നൽകുന്നതെന്ന്‌ ചോദിച്ചു. കടം വാങ്ങിയാൽ അതിനേക്കാൾ മുന്തിയത് കൊണ്ട് കടം വീട്ടുന്നവനാകണം എന്നായിരുന്നു അവിടുത്തെ പ്രതികരണം.

നേരത്തേ തന്നെ തടഞ്ഞുവെച്ച് അവഹേളിച്ച പകയൊന്നും നബി(സ്വ)ക്കുണ്ടായിരുന്നില്ല. ബറാഅ് ഇബ്നു ഹാസിബ്(റ) പറഞ്ഞത് എത്ര സത്യം, നബി ഏറ്റവും വലിയ സൗന്ദര്യവാനും ഏറ്റവും നല്ല സദ്സ്വഭാവിയുമായിരുന്നു
(മുസ്്ലിം).



source https://www.sirajlive.com/good-nature-defeated-beauty.html

Post a Comment

Previous Post Next Post