നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും

വീണ്ടും നരബലിയുടെ നടുക്കുന്ന വാര്‍ത്ത. ഇന്ത്യയുടെ “സിലിക്കന്‍വാലി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും കേന്ദ്രമായ ബെംഗളൂരുവിലെ തിനിസാന്ദ്ര മെയിന്‍ റോഡിനു സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സരോജമ്മ എന്ന സ്ത്രീ 25 വയസ്സുള്ള രേഖയെന്ന തന്റെ മകളെ ബലിക്കായി അരിവാള്‍ കൊണ്ട് കഴുത്തില്‍ ആഞ്ഞുവെട്ടിയത്. ഭര്‍ത്താവുമായി സ്ഥിരം വഴക്കിലായിരുന്നുവത്രെ രേഖ. ഇതിനു പരിഹാരമായി ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണ് സരോജമ്മ മകളെ ബലി കൊടുക്കാനൊരുങ്ങിയത്. നിലവിളി കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് രേഖ മരണപ്പെട്ടില്ല. എങ്കിലും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. 2021ല്‍ ബെംഗളൂരുവിനു സമീപം ദുശ്ശക്തികളില്‍ നിന്ന് രക്ഷനേടാന്‍ ഒരു കുടുംബം പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ബലി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ്സുകാരനായ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ബലി നല്‍കുകയുണ്ടായി. ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സെപ്തംബര്‍ 22ന് രാത്രി സ്‌കൂളിലെ ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ സ്‌കൂള്‍ ഡയറക്ടറും ഏതാനും സ്റ്റാഫും ചേര്‍ന്ന് ബലിക്കായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് എടുത്തു കൊണ്ടു പോകുകയായിരുന്നു. അതിനിടെ കുട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ വഴിക്കു വെച്ച് കുട്ടിയെ കഴുത്തു ഞെരിച്ചുകൊന്ന് ഹോസ്റ്റല്‍ മുറിയില്‍ തന്നെ തിരികെ കൊണ്ടിട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മന്ത്രവാദത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ രണ്ട് പെണ്‍മക്കളെ അടിച്ചു കൊന്നിരുന്നു. ഗവ. വനിതാ കോളജ് പ്രിന്‍സിപ്പലായ വെള്ളാരു പുരുഷോത്തമനും ഭാര്യ പത്മജയുമാണ് ഈ ക്രൂരകൃത്യം ചെയ്തത്.

സതി (ഭാര്യ ജീവിച്ചിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ ജീവനൊടുക്കുന്ന ഹിന്ദുമത സമ്പ്രദായം) പോലുള്ള ഒരു പ്രാചീന സംസ്‌കാരമാണ് നരബലി. ദൈവപ്രീതി, അമാനുഷിക ശക്തി ലഭ്യമാകാന്‍, രോഗമുക്തി, പാലങ്ങളും കെട്ടിടങ്ങളും പണിയുമ്പോള്‍ അവയുടെ ഉറപ്പിനു വേണ്ടി തുടങ്ങിയ കാര്യങ്ങള്‍ക്കായി നടത്തുന്ന ഈ ആചാരം അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്ക, ആസ്ത്രേലിയ, ഇന്ത്യ, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. പുരാതന ജപ്പാനില്‍ കെട്ടിടങ്ങളെ ദുരന്തങ്ങളില്‍ നിന്നോ ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നോ രക്ഷിക്കുന്നതിന് കന്യകകളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നുവത്രെ. ഗ്രാമീണ ഇന്ത്യയില്‍ അടുത്ത കാലം വരെയും നരബലി ധാരാളമായി നടന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഹൈന്ദവ ആചാരത്തിന്റെ ഭാഗമായാണ് ഇത് നടന്നുവന്നത്. ബലിയര്‍പ്പിക്കപ്പെടുന്നത് കൂടുതലും കുട്ടികളാണ്. വേദ ഗ്രന്ഥങ്ങള്‍ നരബലിയെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്ത് 501 ആഭിചാര- അന്ധവിശ്വാസ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 2014ല്‍ 20, 2015ല്‍ 25, 2016ല്‍ 14, 2017ല്‍ 92, 2018ല്‍ 66, 2019ല്‍ 112, 2020ല്‍ 99, 2021ല്‍ 73 എന്നിങ്ങനെയാണ് വര്‍ഷം തിരിച്ചുള്ള കണക്ക്.

സാംസ്‌കാരിക കേരളവും മുക്തമല്ല നരബലി പോലുള്ള ദുരാചാരങ്ങളില്‍ നിന്ന്. 2022 ഒക്ടോബറില്‍ പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആദ്യമായി നരബലി നടന്നത് 1955 ഏപ്രില്‍ 23നായിരുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസ്സുള്ള കൗമാരക്കാരനെ കഴുത്തില്‍ കുരുക്കിട്ട് ബലിയര്‍പ്പിക്കുകയായിരുന്നു. മൃതദേഹം ചാക്കിലാക്കി മറവു ചെയ്യാന്‍ കൊണ്ടു പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ നാടുകടത്താനായിരുന്നു അന്ന് രണ്ടാം സെഷന്‍സ് കോടതിയുടെ വിധി. തൊട്ടടുത്ത വര്‍ഷം 1956 സെപ്തംബര്‍ 29ന് ഗുരുവായൂരില്‍ ആനക്കു വേണ്ടിയുള്ള മനുഷ്യബലി നടന്നു. ആനയുടെ അസുഖം മാറാനായി ആനപ്രേമിയായ അപ്പസാമി, അമ്പലത്തിന്റെ കിഴക്കെ നടയില്‍ കിടന്നുറങ്ങുകയായിരുന്ന കാശിയെന്നയാളെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.

നരബലി പോലുള്ള ദുരാചാരങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ പ്രത്യേക നിയമമില്ല. സാധാരണ കൊലപാതക കുറ്റത്തിനുളള നിയമ നടപടി ക്രമങ്ങളാണ് നരബലിക്കെതിരെ പ്രയോഗിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ നരബലിയടക്കം ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായ നിയമം ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ ദശകങ്ങള്‍ നീണ്ട ബോധവത്കരണ പ്രക്ഷോഭങ്ങളെയും ഈ വിഷയത്തില്‍ ശക്തമായ നിയമ നിര്‍മാണത്തിനു വേണ്ടി പൊരുതിയ ഡോ. നരേന്ദ്ര ധബോൽക്കറുടെ രക്തസാക്ഷിത്വത്തെയും തുടർന്ന് 2013 ഡിസംബര്‍ 13നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം പാസ്സാക്കിയത്. കൂടോത്രം തടയുന്നതിനുളള നിയമം 1999 മുതല്‍ ബിഹാറിലും ഝാര്‍ഖണ്ഡിലും 2005 മുതല്‍ ഛത്തീസ്ഗഢിലും നിലവിലുണ്ട്.

ഇതിനേക്കാള്‍ ശക്തമാണ് മഹാരാഷ്ട്ര നിയമം. നിയമങ്ങള്‍ അനിവാര്യമെങ്കിലും അതുകൊണ്ട് മാത്രം തടയാനാകില്ല ഇത്തരം ദുരാചാരങ്ങള്‍. അയിത്തം നിയമപരമായി നിരോധിച്ചിട്ടും രാജ്യവ്യാപകമായി ഇപ്പോഴും തുടരുന്നു. നിയമത്തോടൊപ്പം വ്യാപകമായ ബോധവത്കരണവും കൂടി നടത്തേണ്ടതുണ്ട്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും, പൊതുപരിപാടികളിലും ദുരാചാരങ്ങളുടെ അപകടങ്ങളെയും ഭവിഷ്യത്തിനെയും കുറിച്ച് ശാസ്ത്രീയമായ ബോധവത്കരണം നടത്തുന്നത് ഫലപ്രദമാകും. നിയമപരവും സാമൂഹികവുമായ പരിഹാരങ്ങള്‍ ചേര്‍ന്നു വേണം ചില സമൂഹങ്ങളില്‍ രൂഢമൂലമായ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ക്കും ധാരണകള്‍ക്കുമെതിരെ പൊരുതേണ്ടത്.



source https://www.sirajlive.com/the-shocking-news-of-human-sacrifice-again.html

Post a Comment

Previous Post Next Post