ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിന് സ്വതന്ത്ര സമിതി വേണം

ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ സ്വയം നിയന്ത്രിക്കുന്ന നിലവിലെ സംവിധാനം തൃപ്തികരമല്ലെന്ന് ബഞ്ച് പറഞ്ഞു. വിഷയത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ക്കായി സര്‍ക്കാര്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ജുഡീഷ്യല്‍, പ്രസ്തുത മേഖലയിലെ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിവരികയാണെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. അശ്ലീല ഉള്ളടക്കം മാത്രമല്ല, സ്വന്തം യൂട്യൂബ് ചാനലുകളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന വികൃതമായ ഉള്ളടക്കവും പ്രശ്നമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കാനാകാത്ത അവകാശമാണ്. എന്നാല്‍, അത് വൈകൃതത്തിലേക്ക് നയിക്കുന്നതാകരുതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
എന്തുമാകാമെന്ന സ്ഥിതി

സ്വന്തം ചാനല്‍ നിര്‍മിക്കാമെന്നും ഉത്തരവാദിത്വമില്ലാതെ കാര്യങ്ങള്‍ ചെയ്യാമെന്നുമുള്ള സ്ഥിതിയാണെന്ന് ബഞ്ച് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെന്നും ബഞ്ച് വ്യക്തമാക്കി.

അതേസമയം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങളുടെ രൂപത്തില്‍ ഇതിനകം തന്നെ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് സിബല്‍ ബഞ്ചിനെ അറിയിച്ചു. നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോഴും സ്വമേധയാ അവ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളടക്കത്തില്‍ ലേബല്‍ നല്‍കുകയും പ്രായ റേറ്റിംഗുകള്‍ നല്‍കുകയും ഏത് തരം ഉള്ളടക്കമാണ് കാണിക്കുന്നതെന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണ സംവിധാനം മാത്രം മതിയാകില്ലെന്നും നിയമപരമായ നിയന്ത്രണത്തിന്റെ ആവശ്യകതയുണ്ടെന്നും ബഞ്ച് ആവര്‍ത്തിച്ചു.

ഓണ്‍ലൈന്‍ ഉള്ളടക്കം ദേശവിരുദ്ധമോ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമോ ആകുമ്പോള്‍ ഉള്ളടക്കം പുറത്തുവിട്ട വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നില്ലെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ദോഷകരമായ ഉള്ളടക്കം വൈറലായിക്കഴിഞ്ഞാല്‍, അധികാരികള്‍ക്ക് സമയബന്ധിതമായി നടപടിയെടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ സ്വയം നിയന്ത്രണം മതിയാകില്ലെന്നും ബഞ്ച് പറഞ്ഞു. എന്നാല്‍, ‘ദേശവിരുദ്ധര്‍’ എന്ന പദം അവ്യക്തമാണെന്നും സര്‍ക്കാര്‍ വിമര്‍ശകരെ ലക്ഷ്യം വെക്കാന്‍ അത് ദുരുപയോഗം ചെയ്യപ്പെടാമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇന്ത്യയുടെ ഒരു ഭാഗം ഇന്ത്യയുടെ ഭാഗമല്ലെന്ന് അവകാശപ്പെടുന്ന വീഡിയോ ഉദാഹരണമായി ബഞ്ച് ചൂണ്ടിക്കാണിച്ചു. കേസ് നാല് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

പ്രായ പരിശോധനക്ക് ആധാറാകാം
അശ്ലീലം എന്ന് കരുതുന്ന ഓണ്‍ലൈന്‍ ഷോകളുടെ ഉള്ളടക്കം വീക്ഷിക്കുന്നതിന് ആധാര്‍ ഉപയോഗിച്ചുള്ള പ്രായപരിശോധന നടപ്പാക്കാവുന്നതാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാതെ അനുചിതമായത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. ഇത്തരം ഉള്ളടക്കം തിരഞ്ഞെടുക്കാതെ കാണിക്കുന്നുണ്ടെങ്കില്‍, സാധാരണക്കാരെ സംരക്ഷിക്കാന്‍ പിന്നെ എന്തുചെയ്യണമെന്നും കോടതി ചോദിച്ചു. ഉള്ളടക്കം തുടങ്ങുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കൂടുതല്‍ നേരം നീണ്ടുനില്‍ക്കണമെന്നും അതിനുശേഷം പ്ലാറ്റ്ഫോമിന് ആധാറോ മറ്റേതെങ്കിലും പ്രായപരിധി നിര്‍ണയിക്കല്‍ രീതിയോ ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

 

 

 



source https://www.sirajlive.com/an-independent-committee-is-needed-to-regulate-online-media.html

Post a Comment

Previous Post Next Post