ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍

കൊച്ചി | ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍. ചേര്‍ത്തല അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്‌കൊച്ചി ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി എ റെനീഷ് (36), കൊല്ലം വളത്തുങ്കല്‍ വാവഴികത്ത് വീട്ടില്‍ വിജയകുമാര്‍ (38) എന്നിവരെയാണ് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.

എറണാകുളം ജില്ലാ കോടതിയുടെ എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ മോഷണം പോയ സംഭവവത്തില്‍ ഉടമ നല്‍കിയ പരാതിയില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹന കവര്‍ച്ചാ സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയിലെത്തി വാഹനങ്ങള്‍ കടത്തികൊണ്ടു പോകുന്ന മൂവര്‍ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു. അന്വേഷണ സംഘത്തിന്റെ നീക്കത്തില്‍ എറണാകുളം ബോട്ട്‌ജെട്ടി പരിസരത്തു നിന്നാണു പ്രതികള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒന്നാം പ്രതിയായ ജഫീല്‍ മുഹമ്മദ് നിരവധി മയക്കുമരുന്ന് കേസുകളിലും രണ്ടാം പ്രതിയായ വിജയകുമാര്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 



source https://www.sirajlive.com/gang-of-three-arrested-for-smuggling-two-wheelers-and-selling-them-at-exorbitant-prices.html

Post a Comment

Previous Post Next Post