പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | ആവശ്യപ്പെട്ട പണം നല്‍കാതിരുന്ന പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ രണ്ടു ദിവസത്തിനു ശേഷം പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ വീട്ടില്‍വച്ചാണ് ജംസല്‍ ബാപ്പ പോക്കറി (60)നെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ ജംസലിനെതിരെ പേരാമ്പ്ര പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജമീല പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ജംഷാലിനെ പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇന്ന് രാവിലെ പത്തോടെ കടിയങ്ങാട്ടെ വീടിനടുത്തുള്ള പൊന്തക്കാട്ടിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 



source https://www.sirajlive.com/youth-who-stabbed-father-to-death-found-dead-in-ponthakad.html

Post a Comment

أحدث أقدم