നിർബന്ധിച്ച് റഷ്യൻ സൈന്യത്തിൽ ചേർത്തി; രക്ഷ തേടി എസ് ഒ എസ് സന്ദേശമയച്ച് ഇന്ത്യൻ വിദ്യാർഥി

ന്യൂഡൽഹി | പഠനത്തിനായി റഷ്യയിലേക്ക് പോയ ഗുജറാത്തി വിദ്യാർത്ഥി ഉക്രൈൻ യുദ്ധഭൂമിയിൽ നിന്ന് സഹായമഭ്യർത്ഥിച്ച് രംഗത്തെത്തി. വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി റഷ്യൻ സൈന്യത്തിൽ നിർബന്ധിതമായി ചേർത്തതാണെന്ന് വിദ്യാർത്ഥി വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി. ഗുജറാത്തിലെ മോർബി സ്വദേശിയായ സാഹിൽ മുഹമ്മദ് ഹുസൈനാണ് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചത്.

റഷ്യയിൽ പഠനത്തോടൊപ്പം കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സാഹിലിനെ പോലീസ് മയക്കുമരുന്ന് കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പരാതി. കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ റഷ്യൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം. തുടർന്ന് 15 ദിവസത്തെ പരിശീലനത്തിന് ശേഷം സാഹിലിനെ യുദ്ധമുഖത്തേക്ക് അയച്ചു. യുദ്ധഭൂമിയിൽ എത്തിയ ഉടൻ സാഹിൽ ഉക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ ഉക്രൈൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള സാഹിലിന്റെ വീഡിയോ സന്ദേശം ഉക്രൈൻ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

സമാനമായ രീതിയിൽ എഴുന്നൂറോളം പേരെ റഷ്യ സൈന്യത്തിൽ ചേർത്തതായും സാഹിൽ വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സംസാരിച്ച് തന്നെ നാട്ടിലെത്തിക്കണമെന്ന് സാഹിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മകന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി മാതാവ് ഡൽഹി കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാൻ ഇന്ത്യ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ വ്യക്തമാക്കിയിരുന്നു.



source https://www.sirajlive.com/forced-into-russian-army-indian-student-sends-sos-message-seeking-rescue.html

Post a Comment

Previous Post Next Post