കണ്ണൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീടിനകത്ത് മരിച്ച നിലയില്‍

കണ്ണൂര്‍ | പയ്യന്നൂര്‍ രാമന്തളിയില്‍ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാത്രി ഒമ്പതോടെയാണ് സംഭവം. ഉഷയുടെ ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വീടിനു മുന്നില്‍ കത്ത് എഴുതി വെച്ചതായി കണ്ട ഉണ്ണികൃഷ്ണന്‍ കത്തുമായി പോലീസ് സ്റ്റേഷനിലെത്തി. പോലീസെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കള്‍ രണ്ടുപേരെയും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.

കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് അറിയുന്നത്. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളും അമ്മക്കൊപ്പം പോകാന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ ബന്ധപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് അനൂജ് പരിവാളിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).



source https://www.sirajlive.com/four-members-of-a-family-found-dead-in-ramanthali-kannur.html

Post a Comment

Previous Post Next Post