ടെഹ്‌റാന്‍ | ഇറാനില്‍ ശനിയാഴ്ച അമേരിക്കയും ഇസ്‌റാഈലും നടത്തിയ ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആക്രമണങ്ങളില്‍ 201 പേര്‍ കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള ഒരു ഗേള്‍സ് പ്രൈമറി സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ മാത്രം ഏകദേശം 85 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥിനികളാണാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പരുക്കേറ്റ 747 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പല പ്രവിശ്യകളിലെയും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇറാന്റെ 31 പ്രവിശ്യകളില്‍ 24 എണ്ണത്തിലും ആക്രമണത്തിന്റെ ആഘാതം ഉണ്ടായതായി റെഡ് ക്രസന്റ് വ്യക്തമാക്കി.
സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാല്‍ ഇറാനിയന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താമസക്കാര്‍ വീടുകളില്‍ തന്നെ തുടരണം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. റോഡുകളിലെ തിരക്ക് കുറയ്ക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്കും ആംബുലന്‍സുകള്‍ക്കും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായകമാകും.
റെഡ് ക്രസന്റിന്റെയും മറ്റ് ഏജന്‍സികളുടെയും നേതൃത്വത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
source https://www.sirajlive.com/us-israeli-attack-201-killed-in-iran-iranian-red-crescent-society-says.html
Post a Comment