ബജറ്റ് ബലികഴിച്ചത് ഫെഡറൽ മൂല്യങ്ങളെ

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഒമ്പതാമത് യൂനിയന്‍ ബജറ്റിലും ഫെഡറല്‍ മൂല്യങ്ങളെ ബലികഴിക്കുകയെന്ന മോദി സര്‍ക്കാറിന്റെ സ്ഥായീഭാവം ആവര്‍ത്തിച്ചിരിക്കുന്നു. നികുതി വരുമാനം പങ്കുവെക്കുന്നതിലും പദ്ധതികള്‍ അനുവദിക്കുന്നതിലും കടുത്ത വിവേചനം ഇത്തവണയും ബോധപൂര്‍വം നടപ്പാക്കിയെന്ന് ബജറ്റ് പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. കേരളത്തോട് കാണിച്ച ക്രൂരമായ അവഗണനക്ക് എന്ത് ന്യായീകരണമാണുള്ളത്? ഒരു നാട്ടിലെ ജനങ്ങള്‍ കേന്ദ്ര അധികാരം കൈയാളുന്ന പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന ഒറ്റക്കാരണത്താല്‍ ഇങ്ങനെ അവഗണിക്കുന്നത് എത്ര മോശം രാഷ്ട്രീയമാണ്?

സംസ്ഥാന ധനമന്ത്രി നേരിട്ട് സമര്‍പ്പിച്ച 29 സുപ്രധാന ആവശ്യങ്ങളില്‍ ഒന്ന് പോലും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് നല്‍കിയില്ല. പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്ന് നല്‍കി ആയുര്‍വേദ ചികിത്സയില്‍ വലിയ അടയാളപ്പെടുത്തലുകള്‍ നടത്തിയ കേരളത്തെ പരിഗണിക്കാമായിരുന്നു. അതുണ്ടായില്ല. ജലപാതകളാല്‍ സമ്പന്നമായ കേരളത്തെ അവഗണിച്ച് അതു സംബന്ധിച്ച പദ്ധതികള്‍ ഒഡിഷക്ക് നല്‍കി. ശബരി റെയില്‍ പാത, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയിലെല്ലാം കേന്ദ്രം തഴഞ്ഞു. അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. ധാതു ഇടനാഴിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് കേരളമെന്ന പേര് കേട്ടത്. അതാകട്ടെ കേരളത്തിലെ അപൂര്‍വ ധാതു ശേഖരത്തിന്റെ അശാസ്ത്രീയ ചൂഷണത്തിന് വഴിവെക്കുമോയെന്ന് ആശങ്ക പടര്‍ത്തുന്നതുമാണ്. പിന്നെയുള്ളത് കടലാമ സംരക്ഷണ പദ്ധതിയാണ്. ഈ അവഗണനക്കെതിരെ യോജിച്ച പ്രതിഷേധമുയരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ മുഖ്യ പാര്‍ട്ടികള്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ കൈകോര്‍ക്കണം.

സാമ്പത്തിക വളര്‍ച്ചാ കണക്കുകളില്‍ ഊറ്റം കൊള്ളുകയും പ്രതിസന്ധികളെ ഈ കണക്കുകള്‍കൊണ്ട് മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് നിര്‍മലാ സീതാരാമന്‍ പുതിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അനിശ്ചിതത്വത്തിന്റെ കടലിരമ്പുമ്പോള്‍ സ്ഥിരതയുടെ തുരുത്തായി ഇന്ത്യ നില്‍ക്കുന്നുവെന്നും 7.4 ശതമാനം ജി ഡി പി വളര്‍ച്ച വലിയ നേട്ടമാണെന്നും ബജറ്റിനെ പിന്തുണക്കുന്നവര്‍ പറയുന്നു. 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യയാകുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്ത്തുന്നുണ്ട്. എത്രയും വേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ചുവടുവെപ്പാണ് ബജറ്റെന്നും അദ്ദേഹം അവകാശപ്പെടുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും അതിനെ വാഴ്ത്തി പ്രധാനമന്ത്രിയുടെ പ്രതികരണവും യാഥാര്‍ഥ്യങ്ങള്‍ മൂടിവെച്ച് സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. എ ഐ അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമവും അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപവും പ്രവാസികള്‍ക്കടക്കമുള്ള നികുതി ഇളവുകളും കൈയടി അര്‍ഹിക്കുമ്പോഴും ചില ചോദ്യങ്ങള്‍ ഉയരുന്നു.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഇടപെടല്‍ അനിവാര്യമാണെന്ന പ്രാഥമിക സാമ്പത്തിക പാഠം മറക്കുന്നുവെന്നതാണ് ഈ ബജറ്റിനെ നിഷ്ഫലമാക്കുന്നത്. ആഗോള വ്യാപാര രംഗത്ത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ട്രംപിന്റെ പ്രതികാരച്ചുങ്കം ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വമ്പന്‍ ആഘാതമുണ്ടാക്കിയിരിക്കുന്നു. ഇന്ത്യക്ക് 45 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമുള്ള രാജ്യമായിരുന്നു അമേരിക്ക. മറ്റേത് രാജ്യവുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയാലും യു എസുമായുള്ള വ്യാപാര നഷ്ടത്തിന് പരിഹാരമാകില്ല. ഇത് മനസ്സിലാകാന്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയാകും.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ തമിഴ്നാടിന് 34,642 കോടി രൂപയുടെ (3.93 ബില്യണ്‍ ഡോളര്‍) കയറ്റുമതി നഷ്ടം നേരിടേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുപ്പൂര്‍ പോലുള്ള പ്രധാന കേന്ദ്രങ്ങളിലെ ദൈനംദിന വരുമാനം 60 കോടി രൂപ കുറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്താണ് കയറ്റുമതി നഷ്ടം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മറ്റൊരിടം. ഇവിടെയെല്ലാം വന്‍ തൊഴില്‍നഷ്ടം സംഭവിക്കുന്നുണ്ട്. ഈ നഷ്ടം നികത്താന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേ തീരൂ. അതിനുള്ള സത്വര ശ്രമങ്ങള്‍ ബജറ്റില്‍ കാണുന്നില്ല.

ഉപഭോഗത്വരയും സമ്പാദന ശേഷിയും ഒരുപോലെയുള്ള ജീവനക്കാരെയും ശമ്പളക്കാരെയും മധ്യവര്‍ഗത്തെയും നിരാശപ്പെടുത്തിയ ബജറ്റാണിത്. ആദായ നികുതിയില്‍ ചെറിയ ചില ഇളവുകളെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ വര്‍ഷം നല്‍കിയ വന്‍ ഇളവായിരിക്കാം ഇത്തവണ അത്തരമൊരു നീക്കത്തില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത്. ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയില്ല. മുതിര്‍ന്ന പൗരന്മാര്‍, പെന്‍ഷന്‍കാര്‍, സ്ത്രീകള്‍, ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ബജറ്റില്‍ കാര്യമായ ഇളവുകളൊന്നും ലഭിച്ചിട്ടില്ല.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ജനങ്ങളുടെ ക്രയശേഷിയില്‍ വന്ന ഇടിവ് പരിഹരിക്കാതെ മുന്നോട്ട് പോകാനാകില്ല. വന്‍കിടക്കാരുടെ വളര്‍ച്ചയുടെ ബലത്തില്‍ ജി ഡി പി കണക്കില്‍ മാറ്റം വരുന്നുണ്ടാകാം. എന്നാല്‍ രാജ്യത്തെ നാമമാത്ര വരുമാനക്കാരുടെ ജീവിതം ദുരന്തപൂര്‍ണം തന്നെയാണ്.

ഈ ബജറ്റ് ഊന്നേണ്ടിയിരുന്നത് നേരിട്ട് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ക്കായിരുന്നു. ക്ഷേമ പദ്ധതികളില്‍ മുതല്‍മുടക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ലെന്ന് മനസ്സിലാക്കാന്‍ കാര്‍ഷിക മേഖലക്ക് വര്‍ധിപ്പിച്ച തുക മാത്രം നോക്കിയാല്‍ മതി. 1,62,671 കോടി രൂപയാണ് ഇത്തവണത്തെ തുക. കഴിഞ്ഞ ബജറ്റില്‍ അത് 1,51,853 കോടിയായിരുന്നു. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെയും സൗജന്യങ്ങളിലൂടെയുമല്ല, ഉത്പാദന മേഖലയെ ഉണര്‍ത്തിയാണ് പ്രതിസന്ധി മറികടക്കാന്‍ പോകുന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആഗോള വിപണി പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഫലപ്രദമാകില്ല.



source https://www.sirajlive.com/the-budget-sacrificed-federal-values.html

Post a Comment

Previous Post Next Post