തിരുവനന്തപുരം | ഐ ടി, സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. സമഗ്ര വളര്‍ച്ചയിലൂടെ 2031ല്‍ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയര്‍ത്തും.
വിഷന്‍ 2031 അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഭാഗമായി ‘ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-കൃത്രിമ ബുദ്ധിയുടെ യുഗത്തിലെ ഡിജിറ്റല്‍ വിപ്ലവം’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഐ ടി, ടെക് മേഖലയില്‍ 1.54 ലക്ഷം തൊഴിലവസരങ്ങളാണുള്ളത്. ഇത് അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കും.
ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകളുടെ എണ്ണം നിലവിലെ 40ല്‍ നിന്ന് 120 മുതല്‍ 200 വരെ ഉയര്‍ത്തും. ഈ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതിനായി 30 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള നെക്സ്റ്റ് ജനറേഷന്‍ ടെക് തൊഴിലിടങ്ങള്‍ സൃഷ്ടിക്കും. സ്വകാര്യ ഐ ടി പാര്‍ക്കുകളുടെ വികസനം വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7,800ല്‍ നിന്ന് 20,000ലേക്ക് ഉയര്‍ത്തുമെന്നും സ്പെഷ്യല്‍ സെക്രട്ടറി അറിയിച്ചു.
source https://www.sirajlive.com/action-plan-targeting-five-lakh-high-level-job-opportunities-in-the-it-sector.html
Post a Comment