ഡി എം കെ സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയമായി തെറ്റായ സന്ദേശം നല്‍കും: മണിശങ്കര്‍ അയ്യര്‍

ഡല്‍ഹി | ഡി എം കെ സഖ്യം ഉപേക്ഷിച്ച് ടി വി കെയുമായി കൈ കോര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം രാഷ്ട്രീയമായി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കാലങ്ങളായി കൂടെനിന്ന ഡി എം കെയെ ഉപേക്ഷിച്ച് പുതിയൊരു പാര്‍ട്ടിയെ സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മഹാത്മാഗാന്ധി ഉദ്ദേശിച്ചത് ധാര്‍മികതയിലധിഷ്ഠിതമായ ഭരണമാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ലാഭം നോക്കിയുള്ള വഞ്ചനയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിന്റെ നീക്കം ഭീകരവും നിലവാരമില്ലാത്ത രാഷ്ട്രീയ അവസരവാദവും ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വിജയ്‌യുടെ പാര്‍ട്ടിയെ എതിര്‍ത്ത കോണ്‍ഗ്രസ്, ഇപ്പോള്‍ ഭരണത്തില്‍ പങ്കാളിയാകാന്‍ വേണ്ടി മാത്രം അങ്ങോട്ട് ചാടിയത് ശരിയല്ല. തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത ഒരു പാര്‍ട്ടിയുമായി അധികാരത്തിന് വേണ്ടി മാത്രം സഖ്യമുണ്ടാക്കുന്നത് ഗുണകരമാകില്ല. തമിഴ്നാട്ടിലെ ഈ നീക്കം ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഡി എം കെ സഖ്യം ഉപേക്ഷിച്ച് ടി വി കെയുമായി അധികാരം പങ്കിടാന്‍ പോയ കോണ്‍ഗ്രസ്സിനെതിരെ ദേശീയ തലത്തില്‍ കടുത്ത നീക്കവുമായി ഡി എം കെ. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി ഡി എം കെ പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഡി എം കെ ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന ഡി എം കെ എം പി കനിമൊഴിയുടെ കത്ത് ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടിയാവുന്നതാണ്.

നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡി എം കെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ലെന്നുമാണ് സ്പീക്കര്‍ക്ക് കനിമൊഴി നല്‍കിയ കത്തില്‍ പറയുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും കനിമൊഴി മുന്നോട്ടുവെക്കുന്നുണ്ട്.

ടി വി കെയെ പിന്തുണച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി എം കെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവരെന്നായിരുന്നു ഡി എം കെ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ഡി എം കെയും ഒരുമിച്ചാണ് മത്സരിച്ചത്. ടി വി കെ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി സര്‍ക്കാര്‍ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നല്‍കുകയായിരുന്നു.

ഡിഎംകെയുമായി ചേര്‍ന്നു മത്സരിച്ചത് കൊണ്ടു മാത്രമാണ് കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നാണ് ഡി എം കെ പറയുന്നത്. കൂടുതല്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഡി എം കെ യുമായി നീരസത്തില്‍ കഴിയുകയായിരുന്നു കോണ്‍ഗ്രസ്.

 



source https://www.sirajlive.com/congress-39-decision-to-quit-dmk-alliance-will-send-the-wrong-message-politically-mani-shankar-aiyar.html

Post a Comment

Previous Post Next Post