മോദിക്ക് ഇറ്റലിയില്‍ വന്‍ സ്വീകരണം; പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി

റോം | അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാനമായ റോമില്‍ വന്‍ വരവേല്‍പ്പ്. ഇറ്റാലിയന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനിയുടെ നേതൃത്വത്തിലാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനമാണിത്. യു എ ഇ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി മോദി നിര്‍ണായക ചര്‍ച്ച നടത്തും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഊര്‍ജിതപ്പെടുത്തുന്നതിനായുള്ള തന്ത്രപരമായ സംയുക്ത പ്രവര്‍ത്തന പദ്ധതി (2025-29) പ്രാവര്‍ത്തികമാക്കുന്നതിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) വിഷയത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയാവും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ പോലെ അടുത്തിടെ രൂപംകൊടുത്ത കാര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുറമെ, പ്രതിരോധം, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ടെക്‌നോളജി, ഉത്പാദനം, വിതരണ ശൃംഖല തുടങ്ങിയവയിലെ തന്ത്രപ്രധാന പങ്കാളിത്തം വിപുലപ്പെടുത്തുകയും വ്യവസായ പങ്കാളിത്തം, സാങ്കേതിക മേഖലയിലെ സഹകരണം എന്നിവ ഊര്‍ജിതമാക്കുകയും മോദിയുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യങ്ങളാണ്.

ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്ററെല്ലയുമായും മോദി കൂടിക്കാഴ്ച നടത്തും. റോം ആസ്ഥാനമായ യു എന്‍ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. വത്തിക്കാന്‍ സിറ്റിയില്‍ മാര്‍പ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് പ്രമുഖരുമായും അദ്ദേഹം സംവദിക്കും.

 

 



source https://www.sirajlive.com/modi-receives-grand-welcome-in-italy-pm-meets-giorgia-meloni.html

Post a Comment

Previous Post Next Post