ന്യൂഡല്‍ഹി | നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ വെളിവാകുന്നത് വന്‍ ഗൂഢാലോചന. മഹാരാഷ്ട്രയിലെ നാസിക്കില്‍ ആസൂത്രണം ചെയ്ത ഈ പദ്ധതി, പ്രമുഖ കോച്ചിംഗ് സെന്ററുകളുടെ കേന്ദ്രമായ രാജസ്ഥാനിലെ സീക്കറിലാണ് പൂര്‍ണ്ണമായും നടപ്പിലാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യകളായ പോര്‍ട്ടബിള്‍ സ്‌കാനറുകള്‍, സങ്കീര്‍ണ്ണമായ ടെലിഗ്രാം ശൃംഖലകള്‍, ഷാഡോ സെര്‍വര്‍ എന്നിവ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്
ചോദ്യപേപ്പറിന്റെ ആദ്യ ഡിജിറ്റല്‍ പകര്‍പ്പ് തയ്യാറാക്കിയത് നാസിക്കിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഇതിന്റെ പകര്‍പ്പുകള്‍ അവിടുത്തെ ഒരു പ്രാദേശിക പ്രസ്സില്‍ അച്ചടിച്ചു. നാസിക്കില്‍ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്കും, അവിടെ നിന്ന് ജയ്പൂര്‍ വഴി സീക്കറിലേക്കും ചോദ്യപേപ്പര്‍ എത്തിച്ചു.സീക്കറില്‍ നിന്നാണ് ജമ്മു കശ്മീര്‍, ബിഹാര്‍, കേരളം എന്നിവിടങ്ങളിലേക്ക് ചോദ്യപേപ്പര്‍ കൈമാറിയത്.
പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി നീറ്റ് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്യാന്‍ പ്രതികള്‍ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പകരം, ഹൈ-ഡെഫനിഷന്‍ പോര്‍ട്ടബിള്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പേപ്പര്‍ സ്‌കാന്‍ ചെയ്യുകയും, ടെലിഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പുകള്‍ വഴി അവ പ്രചരിപ്പിക്കുകയുമായിരുന്നു
ഏകദേശം 400 അംഗങ്ങളുള്ള ‘പ്രൈവറ്റ് മാഫിയ’ എന്ന നെറ്റ്വര്‍ക്കിനെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഈ ഗ്രൂപ്പ് എന്നാണ് അറിയുന്നത്.വിവരങ്ങള്‍ കൈമാറുന്നത് രഹസ്യമായി സൂക്ഷിക്കാന്‍ നാസിക്കിലെ ഒരു ചെറിയ ഐടി സ്റ്റാര്‍ട്ടപ്പിന്റെ ലീസ്ഡ് ലൈന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു ഷാഡോ സെര്‍വര്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന ട്രങ്കുകള്‍ 30 മിനിറ്റ് നേരത്തേക്ക് തുറന്നു പരിശോധിക്കാന്‍ ഒരു സ്വകാര്യ കൊറിയര്‍ കമ്പനിയിലെ ജീവനക്കാരന്‍ കുറ്റവാളികളെ സഹായിച്ചിട്ടുണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
രാജസ്ഥാന്‍ എസ് ഒ ജി കേസന്വേഷണം സിബിഐക്ക് കൈമാറി. പിടിയിലായ 15 പ്രതികളെയും കേന്ദ്ര ഏജന്‍സിക്ക് കൈമാറും.
മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരീക്ഷ റദ്ദാക്കിയിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷ മറ്റൊരു ദിവസം വീണ്ടും നടത്തുന്നതാണ്.
source https://www.sirajlive.com/neet-question-paper-leak-the-accused-used-sophisticated-technology-39-private-mafia-39-also-being-investigated.html
إرسال تعليق