‘അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ അവതാരങ്ങള്‍ വന്നോയെന്ന് അന്വേഷിക്കണം’; ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി

തിരുവനന്തപുരം |  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവതാര പരാമര്‍ശത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ ഇങ്ങനെയുള്ള അവതാരങ്ങള്‍ കൂടെ ചുറ്റിപ്പറ്റി നടന്നോ എന്ന് അന്വേഷിക്കണം. അതാണ് ബിനോയ് വിശ്വം ആദ്യം ചെയ്യേണ്ടതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും അവതാരങ്ങള്‍ അടുത്തേക്ക് വന്നോ , സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഏതെങ്കിലും അവതാരങ്ങള്‍ ഭരണത്തിലും, ഭരണത്തിന്റെ സ്ഥാനങ്ങളിലും കടന്നുവന്നോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ അഭിപ്രായം തീര്‍ച്ചയായും അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണ്. അതില്‍ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും അതിന്റെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി

.പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ ഒരു പ്രശ്നവും നിലവിലില്ല. അതൊക്കെ അതിന്റെ വഴിക്ക് വന്നോളും. അതേപ്പറ്റി മാധ്യമങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവ് പാര്‍ട്ടിക്ക് ലഭിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബിനോയ് വിശ്വത്തിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ മറുപടി.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിച്ചതില്‍ വിശദീകരണം നല്‍കുമ്പോഴാണ് ബിനോയ് വിശ്വം അവതാരങ്ങളെപ്പറ്റി പരാമര്‍ശിച്ചത്. അവതാരങ്ങള്‍ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന പിണറായിയുടെ മുന്നറിയിപ്പ് ഗൗരവത്തില്‍ ഉള്ളതായിരുന്നു. ആ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് താന്‍ പറഞ്ഞതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

താല്‍ക്കാലികമായി ലാഭം തേടി വന്നുപോകുന്ന ചില ആള്‍ക്കാരുണ്ടാകും.അപ്പപ്പോള്‍ നേട്ടം തേടി വരുന്നവര്‍. പദവികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവര്‍. അവരല്ല ബന്ധുക്കള്‍. ഇവരെക്കുറിച്ച് പിണറായി വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ പറഞ്ഞത് ചില അവതാരങ്ങള്‍ എന്നായിരുന്നു. ഇത്തരം അവതാരങ്ങള്‍ നമ്മളെ തേടിവരുമെന്നും നാം സൂക്ഷിക്കണമെന്നും അത്തരക്കാരെ അകറ്റി നിര്‍ത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു



source https://www.sirajlive.com/it-should-be-investigated-whether-avatars-have-appeared-in-departments-related-to-his-party-pinarayi-responds-to-binoy-vishwat.html

Post a Comment

Previous Post Next Post