ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരായ നീക്കം ശക്തമാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി). ഏഴ് ദിവസത്തിനകം പ്രധാനെ, മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്താകമാനം പ്രക്ഷോഭം വ്യാപിപ്പിക്കും.
ഇന്നലെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടി ട്രെയിലര്‍ മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും സി ജെ പി വക്താവ് അശുതോഷ് രങ്ക വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ധര്‍മേന്ദ്ര പ്രധാനെ ഇന്നലെ അഞ്ച് മണിക്കകം മന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്നായിരുന്നു പാര്‍ട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്‌കെ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇതേകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നടപടി സ്വീകരിക്കുന്നതിനുള്ള സമയപരിധി ഏഴ് ദിവസം നീട്ടിനല്‍കുകയാണെന്നായിരുന്നു അശുതോഷ് രങ്കയുടെ പ്രതികരണം. ‘ഇന്ത്യന്‍ ജനാധിപത്യത്തോട് ചെറിയ തോതിലെങ്കിലും ആദരവുണ്ടെങ്കില്‍ രാജിവെക്കാന്‍ ധര്‍മേന്ദ്ര പ്രധാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കാനുള്ള നടപടി പ്രധാനമന്ത്രി മോദി സ്വീകരിക്കണം.’- അശുതോഷ് രങ്ക പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുക്കാന്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുക് ഇന്നലെ എത്തിയിരുന്നു. അഭിജീത് ദിപ്‌കെ അമേരിക്കയില്‍ നിന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെ, പ്രതിഷേധ പരിപാടിക്ക് പോലീസ് അനുമതി നല്‍കിയിരുന്നു.
source https://www.sirajlive.com/dharmendra-pradhan-should-be-removed-from-the-ministerial-post-within-seven-days-cjp-issues-ultimatum.html
Post a Comment