തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ് സഹിതം സിറ്റി സൈബര്‍ സെല്‍ ഡിവൈഎസ്പി ഹാജരാകാന്‍ കോടതി ഉത്തരവ്. ഫെബ്രുവരി 15 ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഡിവൈഎസ്പി ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അനീസയാണ് ഉത്തരവിട്ടത്.
ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി നല്‍കിയ 2 ചോദ്യാവലിക്ക് ഫോറന്‍സിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഫെബ്രുവരി 2 നകം കോടതിയില്‍ ഹാജരാക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എ.ഷാനവാസിനോടാണ് വ്യക്തതാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറന്‍സിക് വിദഗ്ധര്‍ സാങ്കേതിക റിപ്പോര്‍ട്ട് ഹാജരാക്കിയത്. ഡി വി ഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫയും കോടതിയില്‍ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ 2 ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട ക്ലൗണ്‍ഡ് കോപ്പിയില്‍ (അടയാള സഹിതം പകര്‍പ്പ് ) കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകര്‍പ്പ് നല്‍കും മുമ്പ് ഡിവിഡികളുടെ വെറാസിറ്റി (കൃത്യത) വിചാരണ വേളയില്‍ തര്‍ക്കിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഡിവിഡികളുടെ പകര്‍പ്പുകള്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികള്‍ക്ക് നല്‍കാവൂയെന്ന് പ്രോസിക്യൂഷനും കോടതിയില്‍ നിലപാടെടുത്തിരുന്നു. ഡി വി ഡി ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ നടപടികള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
അസ്സല്‍ ഡി വി ഡികള്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയതിനാല്‍ പ്രതികള്‍ക്ക് നല്‍കാനായുള്ള പകര്‍പ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വി ഡി പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എം. ഒ.(തൊണ്ടി) നമ്പര്‍ 30 ഉം 33 ഉം നമ്പരായി പോലീസ് സമര്‍പ്പിച്ച 2 ഡി വി ഡികള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരുന്നത്.
അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെന്റ് (രേഖ) എന്താണെന്നും 2019 ല്‍ ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മജിസ്‌ട്രേട്ട് എ അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകര്‍പ്പിന് പ്രതികള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഹാഷ് വാല്യു മാറ്റം വരുത്താതെ വേണം പകര്‍പ്പെടുക്കാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് നല്‍കാനാവു. അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകര്‍പ്പ് എടുക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സര്‍ക്കാര്‍ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങള്‍ 2020 ഡിസംബര്‍ 15 ന് ബോധിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
source http://www.sirajlive.com/2021/02/02/467106.html
إرسال تعليق