ഞാൻ സംഘടനയിൽ പ്രവർത്തിച്ചുവെന്നതിനെക്കാൾ സത്യസന്ധമായ പ്രയോഗം ഇക്കാലയളവത്രയും സംഘടന എന്നിൽ പ്രവർത്തിച്ചുവെന്നതാണ്. ജീവിതത്തിൽ, സ്വഭാവത്തിൽ, പെരുമാറ്റത്തിൽ, നിലപാടുകളിൽ എല്ലാത്തിലും നമ്മെ നവീകരിക്കുകയായിരുന്നു. സംഘടനാ ഉത്തരവാദിത്വം എന്ന പ്രയോഗം പോലും അപ്രസക്തമാണെന്നാണ് എൻ്റെ പക്ഷം. സംഘടന എന്ന പദത്തിൻ്റെ സാങ്കേതികതയിലേക്ക് ചേർത്തി വായിക്കുമ്പോഴത് ശരിയായിരിക്കാം. ഓരോ കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്യലും, നേരും, നെറികേടും വകതിരിച്ച് കാണിച്ചു കൊടുക്കലും, നേരിൻ്റെ പക്ഷത്ത് ജനങ്ങളെ ഒരുമിപ്പിക്കലും നമ്മുടെ വ്യക്തിപരമായ കടമയാണ്. ആ കടമ നിറവേറ്റാൻ നിലമൊരുക്കിത്തന്നത് എസ്.എസ്.എഫ് എന്ന പ്രസ്ഥാനമാണ്. കാലമാവശ്യപ്പെടുന്ന ദൗത്യം ശ്രദ്ധയോടെ പുലർത്തുന്നതു കൊണ്ടാണ് നമ്മൾ വേറിട്ടു നിൽക്കുന്നതും. ദീനി പ്രവർത്തനം തന്നെയാണ് നമ്മുടെ സംഘടനാ പ്രവർത്തനവുമെന്ന് നിർഭയം സമീകരിക്കാൻ കഴിയുന്നുവെന്നത് നമ്മുടെ മാത്രം സവിശേഷതയാണ്. കാലാനുസൃതം ചിട്ടയോടെ ദീനി ദൗത്യം സംഘടിതമായി ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും, സംതൃപ്തിയും ചെറുതല്ല. ഒരാളിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന പലതും പലരിലേക്കും പരന്നൊഴുകുന്നത് കാണുമ്പോൾ ഹൃദയം നിറഞ്ഞ് സന്തോഷിക്കാറുണ്ട്. വ്യക്തിപരമായ നാനാതരം തിരക്കുകൾക്കിടയിലും അതിലൊരു സുപ്രധാന തിരക്കായി ദീനിപ്രവർത്തനത്തെ കാണുമ്പോഴാണ് നമ്മൾ കർത്തവ്യം നിറവേറ്റിയവരാകുന്നത്. വ്യക്തിയെ പോലെത്തന്നെ മതമൂല്യങ്ങളെയും ഹൃദയത്തോട് ചേർക്കുന്നതിനാൽ നമ്മുടെ പാരത്രിക ജീവിതത്തിലേക്കുള്ള കരുതിവെപ്പു കൂടെയാണിത്.ഈ പ്രസ്ഥാനം നമ്മെ നമ്മളായി നിലനിർത്തുന്ന സുരക്ഷാ വലയമാണത്. യുവത്വമെന്ന നിർണായക ഘട്ടത്തിൽ നമ്മുടെ ആത്മബന്ധുക്കളായ പ്രവർത്തകരെ നേരിൻ്റെ പക്ഷത്ത് നിർത്താൻ നമ്മൾ കാണിക്കുന്ന തിടുക്കം വെറുതെയല്ല. ഒരിക്കലും പിരിയാത്ത ആത്മ ബന്ധമായി ആ ചേർത്തു പിടിക്കൽ വികസിക്കുന്നതിൻ്റെ ഉൾസാരം നമ്മുടെ ലക്ഷ്യബോധവും, ആത്മാർത്ഥതയുമാണ്. അതിൻ്റെയെല്ലാം ഉൾപ്രേരകമായി വർത്തിക്കുന്നത് ഉന്നതമായ മതബോധം തന്നെയാണ്. ഓരോ ഘട്ടത്തിലും പ്രവർത്തകരെ മുന്നോട്ട് നയിക്കേണ്ടത് ഈ ഒരു വികാരമാണ്.
ഔദ്യോഗിക ഭാരവാഹിത്വത്തിൽ നിന്ന് സാങ്കേതികമായി പുറത്ത് കടന്നെങ്കിലും ഇനിയും നമ്മെ നയിക്കേണ്ടത് ഈ പ്രസ്ഥാനം നൽകിയ ബോധ്യങ്ങൾ തന്നെയാണ്. സംഘടനക്കൊപ്പം ഭാരവാഹിത്വത്തിലുണ്ടായിരുന്ന ഇക്കാലയളവിലെല്ലാം നമ്മൾ അക്ഷരാർത്ഥത്തിൽ വികസിക്കുകയായിരുന്നു. ആലോചനയും, ചിന്തയും നവീകരിക്കപ്പെടുകയും, പുതിയ ഒട്ടനേകം തിരിച്ചറിവുകൾ സമ്മാനിക്കുകയും ചെയ്ത സമയങ്ങളായിരുന്നുവത്. യാത്രകൾ, ഇടപഴക്കങ്ങൾ, കൂടിയിരുത്തങ്ങൾ, വിനിമയങ്ങൾ,ആശയ കൈമാറ്റങ്ങൾ, വിലപ്പെട്ട സൗഹൃദങ്ങൾ,തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ അങ്ങിനെ എല്ലാമെല്ലാം ഓർമ്മയിൽ തെളിയുന്നുണ്ട്. നമ്മുടെയെല്ലാം വ്യക്തി ജീവിതത്തിൽ നിന്നും സംഘടനയെ കിഴിച്ചാൽ കിട്ടുന്ന ശൂന്യതയും, സംഘടനയെ കൂട്ടിച്ചേർത്താൽ കിട്ടുന്ന അപാരമായ സംതൃപ്തിയും ചെറുതല്ല. അതെല്ലാം ആഖിറത്തിലേക്കുള്ള സമ്പാദ്യമായി കിട്ടാനാണ് പ്രാർത്ഥിക്കേണ്ടത്. നമ്മുടെ പാളിച്ചകളെല്ലാം പൊറുക്കപ്പെടണം. വീഴ്ചകളെല്ലാം തിരുത്തപ്പെടണം. നമ്മുടെ ബന്ധങ്ങളെല്ലാം നിലനിൽക്കണം. കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ പ്രവർത്തന വഴിയിൽ നിഴലായി ഒപ്പം നിന്ന അടിത്തട്ടിലെ പ്രവർത്തകരടക്കം എത്രയോ പ്രവർത്തകർ കൂടെയുണ്ടായിരുന്നു. അത്രമേൽ വിശാലമായ നമ്മുടെ ബന്ധങ്ങൾ ഒരിക്കലും അറ്റുപോകാതിരിക്കണം.നന്മക്ക് വേണ്ടി ഒപ്പം കൂടിയ പ്രിയപ്പെട്ട പ്രവർത്തകരോട് തീരാത്ത കടപ്പാടുണ്ട്. പ്രാർത്ഥനയിൽ കവിഞ്ഞതൊന്നും തിരിച്ചു തരാനില്ല.
വിധി നിർണയ നാളിൽ നമ്മുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെല്ലാം അതി നിർണായകമായിരിക്കുമെന്നത് തീർച്ചയാണ്… അല്ലാഹു അനുഗ്രഹിക്കട്ടെ…
പുതുതായി നിലവിൽ വന്ന സംസ്ഥാന കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ സന്തോഷങ്ങൾ നേരുന്നു.വരും കാലത്ത് പുതിയ തലമുറയുടെ ഉത്തരവാദിത്വം നിങ്ങളുടെ കയ്യിലാണ്. നിങ്ങളിലേക്കവർ ഉറ്റു നോക്കുന്നുണ്ട്. അവർക്ക് നൂറ് കൂട്ടം ചോദ്യങ്ങളുണ്ട്. അതിലേറെ പ്രതീക്ഷയുണ്ട്. അടങ്ങാത്ത അഭിനിവേശമുണ്ട്. എല്ലാമെല്ലാം മനോഹരമായി നിർവ്വഹിക്കാൻ നിങ്ങൾ കരുത്തരുമാണ്. ധീരമായി മുന്നേറുക. നമ്മളിപ്പോഴും നിങ്ങളുടെ കൂടെയാണ്, ഇനിയും കൂടെയുണ്ടാകുമെന്ന് ഓർമ്മിപ്പിക്കുന്നു…
ഒരിക്കലും പ്രാർത്ഥനകളിൽ പിരിയാത്ത ആത്മബന്ധം നമ്മെ മുന്നോട്ട് നയിക്കട്ടെ…
പുതിയ നേതൃത്വത്തിന് ഒരായിരം പ്രാർത്ഥനാഭിവാദ്യങ്ങൾ…
source
http://www.sirajlive.com/2021/02/09/468094.html
Post a Comment