കൊച്ചി | ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. വേണമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാം. കൈയിലെ മഷി മായ്ച്ച് കളയുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇരട്ടവോട്ടുളളവര്‍, സ്ഥലത്തില്ലാത്തവര്‍, മരിച്ചുപോയവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ കാര്യം ബിഎല്‍ഒമാര്‍ നേരിട്ട് വീടുകളിലെത്തി പരിശോധന നടത്തുകയും പോളിങ് സമയത്ത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വോട്ടര്‍ പട്ടികയില്‍ ഇക്കാര്യം കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരംവോട്ടര്‍മാര്‍ ബൂത്തിലെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങും. അതോടൊപ്പം അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കണം. കൈയില്‍ മഷി രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ മാര്‍ഗരേഖയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്താകെ 3.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകള്‍ സോഫ്‌റ്റ്വേര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്നാണ് 38,586 ഇരട്ട വോട്ടുകള്‍ മാത്രമേയുള്ളൂവെന്ന് കമ്മിഷന്‍ കണ്ടെത്തിയത്. ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി.
source http://www.sirajlive.com/2021/03/31/473776.html
إرسال تعليق