നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സുധാകരനും മുരളീധരനും ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കെ പി സി സിയുടെ നിര്‍ദേശ പ്രകരം എം പിമാരായ കെ സുധാകരനും കെ മുരളീധരനും ഇന്ന് ജില്ലയില്‍. ഒരാഴ്ചക്കിടെ അഞ്ചോളം നേതാക്കള്‍ പാര്‍ട്ടിവിട്ട സാഹചര്യത്തിലാണ് കെ പി സി സി ഇടപെടല്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് രാഹുല്‍ ഗാന്ധി എം പിയായുള്ള ജില്ലയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലെത്തിച്ചിരക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരാതി ഉന്നയിച്ചവരുമായി ചര്‍ച്ച നടത്താന്‍ നേതാക്കള്‍ എത്തുന്നത്.

നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഏറ്റവും ഒടുവിലായി കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥനാണ് രാജിവെച്ചത്. ജില്ലയില്‍ കോണ്‍ഗ്രസ് വിട്ടവരെക്കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡി സി സി പ്രസിഡന്റും എം എല്‍ എയുമായി തുടരുന്നു. അതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് വിശ്വനാഥന്‍ രാജിവെച്ചത്. സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു സുജയയുടെ രാജി. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.

ഐ എന്‍ ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പികെ അനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് രാജിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലീഗ് നേതാവും വയനാട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ ദേവകി കഴിഞ്ഞ ദിവസം എല്‍ ജെ ഡിയില്‍ ചേര്‍ന്നിരുന്നു.



source http://www.sirajlive.com/2021/03/04/470903.html

Post a Comment

Previous Post Next Post