ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതരണവും വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍ക്കാറാണ് വാക്‌സിന്‍ വാങ്ങുന്നതെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ദേശീയ ഇമ്യുണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടി രൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍ക്കാരിന് വാക്‌സിനു മേല്‍ അവകാശമുണ്ട്. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങാത്തതെന്താണെന്നും കോടതി ചോദിച്ചു.
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം കേന്ദ്രം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതോടെ ഏത് സംസ്ഥാനത്തിന് എത്ര ഡോസ് നല്‍കണമെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണുണ്ടായത്. വിഹിതനിര്‍ണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നതെന്ന് കോടതി ആരാഞ്ഞു.
നിര്‍മാതാക്കള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടുവിലയ്ക്ക് വാക്‌സിന്‍ വില്‍ക്കുന്നതിന്റെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു.
source http://www.sirajlive.com/2021/04/30/477479.html
إرسال تعليق