മലയാളത്തിനുള്ള വിലക്ക് നീക്കണം; ജിബി പന്ത് ആശുപത്രിയുടെ നടപടി വിവേചനമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ മലയാളത്തിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മലയാളി നഴ്‌സുമാര്‍ക്ക് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വാര്‍ത്ത അടക്കമായിരുന്നു വയനാട് എംപി കൂടിയായ രാഹുലിന്റെ ട്വീറ്റ്.

ജോലി സമയത്ത് നഴ്‌സുമാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ആശുപത്രിയുടെ വിശദീകരണം.ആശുപത്രിയിലെ നഴ്‌സുമാരില്‍ 60 ശതമാനവും മലയാളികളാണ്. ആശുപത്രിയുടെ നടപടിക്കെതിരെ മലയാളികളില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.



source http://www.sirajlive.com/2021/06/06/482613.html

Post a Comment

Previous Post Next Post