ന്യൂഡല്‍ഹി| ബാങ്ക് ലോക്കര്‍ സംബന്ധിച്ച നിയമങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ നിയമങ്ങള്‍ 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ക്ക് ബാങ്ക് ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനായി ബാങ്കുകള്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ച ഒരു പുതിയ നയം രൂപീകരിക്കേണ്ടതായി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള നിയമം അനുസരിച്ച് പ്രകൃതി ദുരന്തം, ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിമിന്നല്‍, കൊടുങ്കാറ്റ് എന്നിവ കൊണ്ടുള്ള നഷ്ടങ്ങള്‍ക്ക് ബാങ്ക് ഉത്തരവാദിയല്ല. എന്നാല്‍ മോഷണം, ചതി എന്നിവയിലൂടെ ബാങ്ക് ലോക്കറില്‍ വച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കും.
മോഷ്ടാക്കളില്‍നിന്നും ബാങ്ക് സംരക്ഷിക്കുക എന്നത് ബാങ്കിന്റെ മാത്രം ഉത്തരവാദിത്വമാണ്. തീപിടിത്തം, മോഷണം, കെട്ടിടത്തകര്‍ച്ച, വഞ്ചന എന്നിവ ഉണ്ടായാല്‍ ബാങ്കുകളുടെ ബാധ്യത ഉപഭോക്താക്കളുടെ വാര്‍ഷിക വാടകയുടെ 100 മടങ്ങ് ആയി പരിമിതപ്പെടുത്തും. ബാങ്ക് ലോക്കറിന്റെ വാടക തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉപഭോക്താവ് അടച്ചില്ലെങ്കില്‍, ബാങ്കിന് അതിന്മേല്‍ നടപടിയെടുക്കാനും നിശ്ചിത നടപടിക്രമങ്ങള്‍ക്ക് ശേഷം ലോക്കര്‍ തുറക്കാനുമുള്ള അവകാശമുണ്ട്.
ആര്‍ബിഐ യുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച്, ബാങ്കുകള്‍ ലോക്കര്‍ കരാറില്‍ ഒരു വ്യവസ്ഥ ഉള്‍പ്പെടുത്തും. ലോക്കറില്‍ ഉപഭോക്താവിന് നിയമവിരുദ്ധമോ അപകടകരമോ ആയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ല. അത്തരത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താവിനെതിരെ ബാങ്കിന് നടപടി സ്വീകരിക്കാം.
ബാങ്ക് ലോക്കര്‍ ലഭ്യമല്ലാതിരിക്കുകയും ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണവും ലോക്കറിന്റെ ലഭ്യതയും അനുസരിച്ച് വെയ്റ്റിങ് ലിസ്റ്റ് പുറത്തിറക്കുന്ന സംവിധാനം വേണമെന്നാണ് പുതിയ നിയമം. ഓരോ ബ്രാഞ്ചിലെയും ഒഴിഞ്ഞ ലോക്കറുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ലോക്കര്‍ അനുവദിക്കുന്നതിനുള്ള വെയിറ്റ് ലിസ്റ്റ് വിവരങ്ങള്‍ എന്നിവ ബാങ്കുകള്‍ തയ്യാറാക്കണം. ബാങ്കുമായോ മറ്റ് ബാങ്കിംഗ് സംവിധാനങ്ങളുമായോ ബന്ധമില്ലാത്ത ഉപഭോക്താക്കള്‍ക്കും ലോക്കര്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ലോക്കര്‍ ഉടമകള്‍ മരണപ്പെട്ടാല്‍ നോമിനിയ്‌ക്കോ നിയമപരമായ അവകാശികള്‍ക്കോ സമര്‍പ്പിക്കുന്ന ക്ലെയിമിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ നിക്ഷേപം കൈമാറിയിരിക്കണം.
ഉപഭോക്താവിനെ അറിയിച്ചതിനുശേഷമേ ബാങ്കുകള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ലോക്കര്‍ മാറ്റാന്‍ പറ്റൂ. കൂടാതെ സ്‌ട്രോംഗ് റൂം സംരക്ഷിക്കാന്‍ ബാങ്ക് മതിയായ നടപടികള്‍ കൈക്കൊള്ളണം. ഒപ്പം എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് സിസിടിവി ദൃശ്യങ്ങള്‍ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കേണ്ടതുമാണ്.
source https://www.sirajlive.com/rbi-issues-new-rules-on-bank-locker.html
إرسال تعليق