ഗോൾഡ് കോസ്റ്റ് | ആസ്‌ത്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപണർ സ്മൃതി മന്ദാന. പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടമാണ് ഇടം കൈ ബാറ്ററായ സ്മൃതി സ്വന്തമാക്കിയത്. ശക്തരായ ആസ്്ത്രേലിയൻ ബൗളർമാരെ അനായാസം നേരിട്ട് 216 പന്തുകളിൽ 127 റൺസാണ് താരം നേടിയത്. 22 ബൗണ്ടറികളും ഒരു സിക്‌സും അകമ്പടിയേകിയ മനോഹര ഇന്നിംഗ്‌സ്.
ആസ്‌ത്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറി, ഓസീസ് മണ്ണിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ എന്നീ നേട്ടങ്ങളും സ്മൃതി സ്വന്തം പേരിൽ എഴുതിച്ചേർത്തു. 72 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് താരം മോളി ഹൈഡ് നേടിയ 124 റൺസിന്റെ റെക്കോർഡാണ് മുംബൈക്കാരിയായ സ്മൃതി തിരുത്തിയത്.
സ്മൃതി മന്ദാന ഉൾപ്പെടെ നാല് പേർ മാത്രമാണ് ആസ്‌ത്രേലിയക്കതിരെ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടിയിട്ടുള്ളൂ. എനിഡ് ബേക്ക്്വെൽ, ഡെബി ഹോക്്ലി, ക്ലെയർ ടെയ്‌ലർ എന്നിവരാണ് മറ്റുള്ളവർ. ആസ്‌ത്രേലിയക്കെതിരെ മൂന്ന് ഫോർമാറ്റിലും ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ (ടെസ്റ്റ് 127, ഏകദിനം 102, ടി20 66) ഇന്ത്യൻ താരമെന്ന നേട്ടവും സ്മൃതിയെ തേടിയെത്തി.
തുടർച്ചയായ രണ്ടാം ദിവസവും അവസാന സെഷൻ മഴ തടസ്സപ്പെടുത്തിയതോടെ കളി നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ്. 12 റൺസുമായി ദീപ്തി ശർമ, റണ്ണൊന്നുമെടുക്കാതെ തനിയ ഭാട്യ എന്നിവരാണ് ക്രീസിൽ.
ബൗളർമാരെ മെരുക്കി
ഒന്നിന് 132 റൺസന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ ദിനം 80 റൺസെടുത്ത മന്ദാന രണ്ടാം വിക്കറ്റിൽ പൂനം റാവത്തി(36)നൊപ്പം 102 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. 52ാം ഓവറിൽ എല്ലിസ് പെറിയെ പുൾ ഷോട്ടിലൂടെ ബൗണ്ടറി കടത്തി സ്്മൃതി സെഞ്ച്വറി തികച്ചു. 170 പന്തിൽ നിന്ന് 18 ബൗണ്ടറികളും ഒരു സിക്‌സും സഹിതം മൂന്നക്കം കടന്ന താരത്തിന്റ പ്രകടനത്തിലൂടെ ഇന്ത്യ നില ഭദ്രമാക്കി.
ഡ്രിംഗ്‌സിന് പിരിയുമ്പോൾ ഒരു വിക്കറ്റിന് 191 റൺസെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. ഏറെ വൈകാതെ ഗാർഡ്്നറുടെ പന്തിൽ മഗ്രാത്തിന് ക്യാച്ച് നൽകി സ്മൃതി മടങ്ങി. നായിക മിതാലി രാജ് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓസീസിനായി സോഫി മോളിന്യൂക്‌സ് രണ്ടും എല്ലിസ് പെറി, ആഷ്്‌ലി ഗാർഡ്്‌നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്്ത്തി. എട്ട് ആസ്‌ത്രേലിയൻ താരങ്ങളാണ് ഇതുവരെ പന്തെറിഞ്ഞത്.
ശക്തമായ മഴയും മിന്നലിനെയും തുടർന്നാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. രണ്ട് ദിവസം മാത്രം ശേഷിക്കേ മത്സരം സമനിലയിൽ അവസാനിക്കാനുള്ള സാധ്യത ഏറി.
source https://www.sirajlive.com/smriti-mandana-scores-a-pink-century-indian-slow-smile.html
Post a Comment