മൂന്നാം ലോക കേരളസഭ: പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്

മൂന്നാം ലോക കേരളസഭ ജൂണ്‍ 16 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്. വിവിധ രാജ്യങ്ങളിലുള്ള മലയാളികള്‍ സംഗമിക്കുന്ന മൂന്നാമത്തെ സഭയാണിത്. 2018 ജനുവരിയില്‍ ചേര്‍ന്ന പ്രഥമ കേരള ലോകസഭ ലോകത്ത് തന്നെ അതിന്റെ ഘടനാപരമായ രാഷ്ട്രീയ സ്വഭാവം കൊണ്ട് ഒന്നാമത്തേതായിരിക്കാം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു രാഷ്ട്രീയേതര ബഹുജന സഭ നടന്നതായി അറിയില്ല. എന്തുകൊണ്ട് അത് കേരളത്തില്‍ സംഭവിച്ചു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ, മൂന്നര കോടി ജനതയില്‍ എഴുപത്തിയഞ്ച് ലക്ഷത്തോളം മലയാളികള്‍ രാജ്യത്തിന് പുറത്തുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മലയാളികള്‍ സ്വന്തം രാജ്യാതിര്‍ത്തി കടന്ന് തൊഴില്‍ കുടിയേറ്റം തുടങ്ങിയിരുന്നു. ആദ്യമത് ബര്‍മ, സിലോണ്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നെങ്കില്‍ ആധുനിക കേരളത്തില്‍ 1970കള്‍ക്ക് ശേഷം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇതൊക്കെ വെറും തൊഴില്‍ കുടിയേറ്റമായി കണ്ടവരാണ് അടുത്ത കാലം വരെ കേരളത്തിലെ രാഷ്ട്രീയക്കാരും ബുദ്ധിജീവി സമൂഹവും. എന്നാല്‍ ഇത്തരം ദേശാന്തര ജീവിതം നയിച്ച മലയാളികള്‍ കുടിയേറ്റ തൊഴില്‍ സമൂഹം മാത്രമായിരുന്നില്ല. 1921ല്‍ സിലോണില്‍ നിന്ന് സിലോണ്‍ മലയാളി എന്നൊരു പത്രം പ്രസിദ്ധീകരിച്ചതായി രേഖയുണ്ട്. അതായത് മലയാളിയുടെ കുടിയേറ്റ ജീവിതത്തിന് സാംസ്‌കാരിക പക്ഷത്ത് കൃത്യമായ ചരിത്രമുണ്ട്. അതിന്റെ അതിവേഗതയിലുള്ള വികാസം സാധ്യമാകുന്നത് ഗള്‍ഫ് പ്രവാസം ശക്തമായതോടെയാണ്. സത്യത്തില്‍ കേരളത്തിന്റെ സാമൂഹിക ജീവിതാവസ്ഥകളെ അടിമുടി സ്വാധീനിച്ച ഈ പ്രവാസി വര്‍ഗം അടിസ്ഥാന തൊഴില്‍ മേഖലകളില്‍ നിന്നാണ് തങ്ങളുടെ കുടിയേറ്റ സ്വത്വ നിര്‍മിതിക്ക് നാന്ദി കുറിച്ചത്. അവരുടെ വ്യത്യസ്തമായ പ്രവാസ, പ്രവാസാനന്തര ജീവിതത്തെ മാറിമാറി വന്ന സര്‍ക്കാറുകള്‍ എങ്ങനെ അഭിസംബോധന ചെയ്തു എന്ന് ചിന്തിക്കേണ്ടതുണ്ട്.

ഇത്തരമൊരു വസ്തുതയില്‍ നിന്ന് കൊണ്ടാണ് ലോക കേരളസഭയുടെ കഴിഞ്ഞ രണ്ട് കൂടിച്ചേരലിന്റെ രാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിയേണ്ടത്. പ്രവാസികളെ സംബന്ധിച്ച് അവരുടെ പ്രാഥമിക രാഷ്ട്രീയം തൊഴിലിടത്തെ ജീവിതമാണ്. അതിന് പുറത്തെ രാഷ്ട്രീയം സ്വന്തം ദേശം പ്രവാസിയോട് കാണിക്കുന്ന പരിഗണനയുടേതാണ്. കേരളത്തില്‍ അത് സംഭവിക്കുന്നത് 1996ല്‍ നായനാര്‍ മുഖ്യമന്ത്രിയായ കാലത്താണ്. അന്നാണ് ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്ക് വേണ്ടി ഒരു വകുപ്പുണ്ടാകുന്നത്. സര്‍ക്കാറിന്റെ ജനപക്ഷ ചിന്തയില്‍ നിന്നാണ് ഇത്തരം ആശയങ്ങള്‍ രൂപംകൊള്ളുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് അതിന് കഴിഞ്ഞത് പ്രവാസികള്‍ നാടിന്റെ വികസനത്തിന് നല്‍കുന്ന സാമ്പത്തിക സാന്നിധ്യം കൊണ്ട് മാത്രമല്ല, പ്രവാസ തൊഴിലിടത്തില്‍ അവര്‍ അനുഭവിക്കുന്ന സാംസ്‌കാരിക, സാമൂഹിക ജീവിതാവസ്ഥകളെ പരിഗണിച്ചു കൊണ്ട് കൂടിയാണ്.

ഒന്നാം ലോക കേരളസഭക്കെതിരെയുണ്ടായ വിമര്‍ശങ്ങള്‍ അതിന്റെ രാഷ്ട്രീയ സ്വഭാവത്തെപ്പോലും തിരിച്ചറിയാതെയാണ്. ലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള ആ എതിര്‍പ്പുകള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് ഉണ്ടാകുന്ന വിമര്‍ശങ്ങള്‍ അങ്ങനെയല്ല. രണ്ട് കാരണങ്ങള്‍ കൊണ്ട് ഒരിക്കലും അങ്ങനെയാകാന്‍ പാടില്ല. അതില്‍ ഒന്ന്, ഒന്നാം ലോക കേരളസഭക്ക് അതിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള സമയം ലഭ്യമായിരുന്നു. രണ്ടാമത്തേത്, ഇടതുപക്ഷത്തിന് കിട്ടിയ തുടര്‍ ഭരണം സര്‍ക്കാറിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ അനുകൂല സാഹചര്യങ്ങള്‍ ആണ്. ഈ പശ്ചാത്തലത്തിലാണ് ഒന്നാം ലോക കേരളസഭ അംഗീകരിച്ച നടപടികള്‍ എത്ര പ്രവാസികള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് പരിശോധിക്കേണ്ടത്.

ഒന്നാം ലോക കേരളസഭയില്‍ ഏഴ് വിഷയാധിഷ്ഠിത കമ്മിറ്റികളെ തിരഞ്ഞെടുത്തു. അതില്‍ നിന്ന് ഉയര്‍ന്നുവന്ന 48 നിര്‍ദേശങ്ങളില്‍ 10 എണ്ണത്തില്‍ നടപടികള്‍ സ്വീകരിച്ചതായി നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. എന്‍ ആര്‍ ഐ ഇന്‍വെസ്റ്റ്‌മെന്റ്, എന്‍ ആര്‍ ഐ കണ്‍സക്്ഷന്‍ കമ്പനി, പ്രവാസി സഹകരണ സംഘം, വനിത എന്‍ ആര്‍ ഐ സെല്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രങ്ങളുടെ രൂപവത്കരണം, നൈപുണി വികസനത്തിന് ഹൈപവര്‍ കമ്മിറ്റിയുടെ രൂപവത്കരണം, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. തുടര്‍ന്ന് 2020 ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് രണ്ടാം ലോക കേരളസഭ നടന്നു. അതില്‍ അവതരിപ്പിച്ച പല വിഷയങ്ങളും തുടര്‍ പ്രക്രിയയിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം കൊവിഡ് തന്നെ. ഇതിനിടയില്‍ ദുബൈയില്‍ ചേര്‍ന്ന പശ്ചിമേഷ്യന്‍ സഭയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് തൊഴില്‍ നൈപുണ്യത്തെക്കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചുമായിരുന്നു. ഇത്തരം അനുഭവ പരിസരത്ത് നിന്നാണ് മൂന്നാം ലോക കേരളസഭയുടെ പ്രാധാന്യത്തെയും സാധ്യതയെയും ചര്‍ച്ച ചെയ്യേണ്ടത്.

മൂന്നാം ലോക കേരളസഭയുടെ പ്രസക്തി

കഴിഞ്ഞ രണ്ട് സഭയേക്കാള്‍ എന്തുകൊണ്ടും പ്രസക്തമാണ് മൂന്നാം ലോക കേരളസഭ. അതിന്റെ പ്രധാന കാരണം, കൊവിഡ് അനുബന്ധ, അനന്തര പ്രവാസത്തിലെ മാറിയ സാഹചര്യങ്ങളാണ്. എന്നു മാത്രമല്ല, ലോക കേരളസഭ ഏതൊക്കെ അര്‍ഥത്തിലാണ് കൊവിഡ് കാലത്ത് പ്രയോജനപ്പെട്ടത് എന്ന ചര്‍ച്ച ഈ സഭയില്‍ അജന്‍ഡയായി വരണം. ഒന്നാം ലോക കേരളസഭയില്‍ 32 രാജ്യങ്ങളില്‍ നിന്നായി 159 അംഗങ്ങളും 39 പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തിരുന്നു. 2020ലെ രണ്ടാം സഭയില്‍ 41 രാജ്യങ്ങളില്‍ നിന്ന് 147 അംഗങ്ങളും 103 പ്രത്യേക ക്ഷണിതാക്കളും എത്തിയിരുന്നു. ഇതില്‍ പ്രവാസി പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ ഉണ്ടാകുക ഗള്‍ഫില്‍ നിന്നായിരിക്കും. അതിനു കാരണം, സര്‍ക്കാര്‍ കണക്ക് പ്രകാരം 25 ലക്ഷത്തോളം പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ് തൊഴില്‍ കുടിയേറ്റ ജീവിതം നയിച്ചത്. ഈ കണക്കിനെ മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളുടെ കണക്ക് പരിശോധിച്ചാല്‍ വര്‍ത്തമാനകാല ഗള്‍ഫ് പ്രവാസത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയും.
കഴിഞ്ഞ ഫെബ്രുവരിയില്‍ സി ഡി എസ് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്) പുറത്തുവിട്ട കണക്ക് കൊവിഡാനുബന്ധ ഗള്‍ഫ് പ്രവാസത്തിന്റെ ഉള്ളുരുക്കത്തെ വ്യക്തമാക്കുന്നുണ്ട്. മൊത്തം 14.71 ലക്ഷം പേരാണ് ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയത്. ഇതില്‍ തിരിച്ചു പോയത് 11.39 ലക്ഷം പ്രവാസികളാണ്. അതായത് 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചെത്തിയ പ്രവാസികളുടെ 23 ശതമാനമാണ്. ഇതില്‍ 50 ശതമാനം പ്രവാസികളും സഊദിയില്‍ നിന്ന് തിരിച്ചെത്തിയവരാണ്. അതിനു പ്രധാന കാരണം, കൊവിഡിന് മുമ്പ് തുടങ്ങിയ സ്വദേശിവത്കരണവും. പിന്നീട് പ്രവാസികള്‍ കൂടുതല്‍ തിരിച്ചെത്തിയത് യു എ ഇയില്‍ നിന്നാണ്. 19 ശതമാനം. സഊദിയിലും യു എ ഇയിലുമാണ് പ്രവാസികള്‍ കൂടുതലുള്ളത്. ഏഴ് ശതമാനമാണ് ഒമാനില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും തിരിച്ചെത്തിയത്. കുവൈത്തില്‍ നിന്ന് എത്തിയത് ആറ് ശതമാനവും. ഇങ്ങനെ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 71 ശതമാനവും തൊഴില്‍രഹിതരാണ് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തെക്കൂടി പരിഗണിച്ചായിരിക്കും ലോക കേരളസഭയിലെ അജന്‍ഡകള്‍ രൂപപ്പെടുത്തിയത് എന്ന് പ്രതീക്ഷിക്കാം.

പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്

കഴിഞ്ഞ ലോക കേരളസഭക്കെതിരെയുണ്ടായ പ്രധാന വിമര്‍ശം അതിന്റെ ഉള്ളടക്കത്തെ കുറിച്ചായിരുന്നില്ല, ധൂര്‍ത്തിനെക്കുറിച്ചായിരുന്നു. കേരളത്തിലെ പൊതു രാഷ്ട്രീയ മേഖലകളില്‍ പ്രവാസി വിഷയം ഗൗരവപ്പെട്ടതല്ല. എന്നാല്‍ അവരെ പരമാവധി സുഖിപ്പിച്ച് കാര്യം നേടാന്‍ ഈര്‍ക്കിള്‍ പാര്‍ട്ടി മുതല്‍ അഖിലേന്ത്യാ പാര്‍ട്ടികള്‍ക്ക് വരെ കഴിയും. അതുകൊണ്ട് തന്നെ പ്രവാസി വിഷയങ്ങള്‍ പ്രവാസികള്‍ തന്നെ വിളിച്ചു പറയേണ്ടതുണ്ട്. ലോക കേരളസഭയില്‍ എത്തുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങളോ അല്ലെങ്കില്‍ അവരോട് അടുത്തു നില്‍ക്കുന്നവരോ ആയിരിക്കും. അതല്ലാതെ പ്രവാസി വിഷയങ്ങളില്‍ സ്വതന്ത്രമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരം വേദികളില്‍ സാധാരണയായി അവസരം ലഭിക്കാറില്ല. ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ച് പ്രധാനമായി പരിഗണിക്കപ്പെടുന്ന വിഷയങ്ങള്‍ മധ്യ-ഉപരിവര്‍ഗ പ്രവാസികളെ നേരിട്ട് ബാധിക്കുന്നതായിരിക്കും. ഒന്നാം ലോക കേരളസഭയിലെ പത്ത് നിര്‍ദേശങ്ങളില്‍ എത്രയാണ് അടിസ്ഥാന പ്രവാസി വിഷയങ്ങളെ അഡ്രസ്സ് ചെയ്യുന്നത്?

ഈ പശ്ചാത്തലത്തിലാണ് സി ഡി എസ് സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയേണ്ടത്. തിരിച്ചു പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് തുടര്‍ പ്രവാസത്തിന് ബേങ്ക് വായ്പ നല്‍കുക, സ്വയം തൊഴിലിനായി അഞ്ച് ലക്ഷം പലിശരഹിത വായ്പ നല്‍കുക, അര്‍ഹരായവര്‍ക്ക് വി പി എല്‍ കാര്‍ഡ് നല്‍കുക, സഊദിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് ആനുകൂല്യ വിതരണത്തില്‍ മുന്‍ഗണന നല്‍കുക, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്ക് മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയവയാണത്. ഇത്തരം വിഷയങ്ങള്‍ ഏത് രീതിയിലായിരിക്കും ലോക കേരളസഭയിലെ അജന്‍ഡകളായി മാറുക? ആരായിരിക്കും ഇത്തരം വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുക? ഗള്‍ഫ് പ്രവാസികള്‍ക്കിടയിലെ അടിസ്ഥാന തൊഴില്‍ മേഖലയിലെ കൊവിഡാനുബന്ധ വിഷയങ്ങളെ എത്രകണ്ട് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ട്? തീര്‍ച്ചയായും ലോക കേരളസഭയില്‍ താഴെ പറയുന്ന വിഷയങ്ങള്‍ അജന്‍ഡയായി വരേണ്ടതുണ്ട്. അര്‍ഹരായ പ്രവാസികളെ ബി പി എല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുക. പ്രവാസി ഡാറ്റാ ബേങ്ക് ഉണ്ടാക്കുക. (അതില്‍ നിലവില്‍ എത്ര പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ട്, എത്ര പേര്‍ കൊവിഡ് കാലത്ത് വന്ന് ഇപ്പോഴും മടങ്ങാന്‍ കഴിയാത്തവരായി ഉണ്ട് എന്ന ഡാറ്റകളുണ്ടാകണം. ഇതിനായി വാര്‍ഡ്, പഞ്ചായത്ത് തല സര്‍വേ ഏറ്റവും ഉചിതം). കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക. അര്‍ഹതപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. പ്രവാസികളായ കുട്ടികളുടെ തുടര്‍ പഠനത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുക. പ്രവാസി വോട്ടിനായി കേന്ദ്ര സര്‍ക്കാറിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും സമ്മര്‍ദം ചെലുത്തുക. പ്രവാസി പ്രാതിനിധ്യം കൂടുതലുള്ള ജില്ലകളില്‍ പ്രവാസി സാംസ്‌കരിക കേന്ദ്രങ്ങള്‍ ആരംഭിക്കുക. പുനരധിവാസത്തിനുള്ള ബേങ്ക് വായ്പയുടെ നടപടി ക്രമങ്ങള്‍ വായ്പയെടുക്കുന്ന പ്രവാസിയുടെ ജീവിത പശ്ചാത്തലത്തെ പരിഗണിച്ച് ലഘൂകരിക്കുക. വിദേശത്തെ മാറിയ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് പ്രവാസി തൊഴില്‍ അന്വേഷകര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അക്കാദമിക്ക് പരിശീലനങ്ങള്‍ നല്‍കുക. സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പ്രവാസി പ്രാതിനിധ്യം നല്‍കുക. അടിസ്ഥാന പ്രവാസി സമൂഹം നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളെ പഠിച്ച് എംബസി വഴി പരിഹാരങ്ങള്‍ ഉണ്ടാക്കുക. കൊവിഡ് പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനത്ത് സ്ഥിരം സംവിധാനം ഒരുക്കുക.

ഇത്തരം നിര്‍ദേശങ്ങള്‍ മൂന്നാം ലോക കേരളസഭയില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമേ സഭ സാധാരണ പ്രവാസികളുടെ വിഷയത്തെ കൂടി പരിഗണിക്കുന്നതായി അടിത്തട്ടിലെ പ്രവാസികള്‍ക്ക് ബോധ്യമാകൂ. ഉപരി, മധ്യവര്‍ഗ താത്പര്യങ്ങളെ പരിഗണിച്ച് സവര്‍ണ പ്രവാസത്തിന്റെ ആഡംബര കൂടിച്ചേരലായി മൂന്നാം ലോക കേരളസഭ മാറാതിരിക്കാന്‍ മേല്‍പ്പറഞ്ഞതു പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയിലേക്ക് വരേണ്ടതുണ്ട്. രാഷ്ട്രീയ വിധേയത്വം മാറ്റി ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സഭാംഗങ്ങള്‍ക്ക് കഴിയട്ടെ.



source https://www.sirajlive.com/third-world-kerala-sabha-what-the-expatriates-expect.html

Post a Comment

أحدث أقدم