അവരിപ്പോള്‍ ഭരണഘടനയെ റദ്ദ് ചെയ്യുന്ന തിരക്കിലാണ്

ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍ക്ക് വലിയൊരു ലക്ഷ്യമുണ്ട്. അത് മഹത്തായതൊന്നുമല്ല. ഏകകക്ഷി ഭരണവുമല്ല. ഏകമത രാജ്യമാക്കി ഇന്ത്യയെ മാറ്റിത്തീര്‍ക്കുക എന്നതാണത്. പിന്നീട് അതിന്റെ പിന്‍ബലം ഒന്ന് മാത്രം മതിയാകും ഏകാധിപത്യത്തിലേക്കും മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഭീകര രൂപമായ കോര്‍പറേറ്റ്‌വത്കരണത്തിലേക്കും രാജ്യത്തെ കൊണ്ടെത്തിച്ച് തളച്ചിടാന്‍. കാരണം പ്രജകളില്‍ മത വൈകാരികതയും അന്യമത വിദ്വേഷവും ആളിക്കത്തിച്ചാല്‍ പിന്നീടുണ്ടാകുന്ന ഏത് ജനദ്രോഹ നടപടികള്‍ക്കും ന്യായീകരണം ചമയ്ക്കാന്‍ അതുകൊണ്ട് കഴിയും എന്നതു തന്നെ. അതിപ്പോള്‍ സമര്‍ഥമായി സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയിലുടനീളം നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ബഹുസ്വരങ്ങള്‍ക്ക് പരമാവധി വിലക്കേര്‍പ്പെടുത്തി പെരും നുണകളെ സത്യത്തിന്റെ വ്യാജ ഉത്സവമാക്കുക എന്ന രീതിയാണ് അതിന്റെ പ്രാഥമിക ചുവടുവെപ്പായി അവര്‍ കരുതുന്നത്. അതിലവര്‍ ബഹുദൂരം മുന്നോട്ട് പോയതായി അവര്‍ക്ക് ബോധ്യം വന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ഒരു പ്രതിഷേധത്തിനും വഴങ്ങിക്കൊടുക്കാതെ തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിലേക്ക് അവര്‍ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യം വേരുപിടിച്ച ഇടങ്ങളില്‍ നിന്ന് അതിനെ തകര്‍ക്കല്‍ അത്ര എളുപ്പമല്ലെന്ന ധാരണ നമുക്കിടയിലുണ്ട്. എന്നാല്‍ ജാഗരൂകരായ പ്രതിരോധ പ്രസ്ഥാനങ്ങളില്ലാത്തിടത്ത് പ്രസ്തുത ധാരണക്കൊന്നും ഒരടിസ്ഥാനവുമില്ലെന്ന് നാള്‍ക്കുനാള്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അതായത് ഇന്ത്യയെ സവര്‍ണ ചിന്തയിലധിഷ്ഠിതമായ ഏകമത രാജ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ പ്രധാന തടസ്സം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളല്ലെന്ന് ഏതാണ്ടൊക്കെ ബോധ്യപ്പെട്ട കാര്യമാണ്. അഥവാ അങ്ങനെയൊരു അപകടത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആര്‍ജിക്കാനാകുന്നില്ല.

അതിന്റെ അടിസ്ഥാന കാരണങ്ങള്‍ ഒന്നിലധികമാണ്. ഒന്നാമത്തെ കാര്യം സമ്പൂര്‍ണമായ ഒരു പ്രതിപക്ഷ ഐക്യം ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും സാധ്യമല്ല എന്നതാണ്. കാലും തലയും മൂടി സുഖനിദ്ര പൂകാന്‍ പറ്റാത്ത തരത്തിലുള്ള ഒരു പുതപ്പിന്റെ അവസ്ഥയിലാണ് പ്രതിപക്ഷങ്ങള്‍! കാല് മൂടുമ്പോള്‍ തല പുറത്താകും, തല മൂടിയാല്‍ കാലും പുറത്ത്, ഫലം ഉറക്കം നഷ്ടപ്പെടലും. അതിനിടയില്‍ അധികാരത്തിന്റെ കവചങ്ങള്‍ക്കുള്ളില്‍ ഭരണകൂടം മതിമറന്ന ഉറക്കത്തിലുമാണ്. രണ്ടാമത്തെ കാര്യം ഇന്ത്യയിലെ ഭൂരിപക്ഷ മത സമുദായക്കാര്‍ക്കിടയിലേക്ക്, ഇന്ത്യ നേരിടാന്‍ പോകുന്ന യഥാര്‍ഥ പ്രതിസന്ധിയെ കുറിച്ച് കൃത്യമായ അവബോധം കൈമാറാന്‍ സാധിക്കുന്നില്ല എന്നതാണ്. നിങ്ങളുടെ യഥാര്‍ഥ പ്രശ്‌നം മതവൈകാരികതയല്ല, കോര്‍പറേറ്റുകള്‍ക്ക് കീഴില്‍ ഭാവിയില്‍ വരാന്‍ പോകുന്ന കൊടിയ സാമ്പത്തിക ചൂഷണങ്ങളാണെന്നും അതിന് നിങ്ങള്‍ ഇരയാകാന്‍ വിധിക്കപ്പെടുകയാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷങ്ങള്‍ക്കാകുന്നില്ല.

ആ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടത്തിലേക്കും ബോധവത്കരണത്തിലേക്കും കടക്കുന്നതിനു പകരം മോദിയെയും അമിത് ഷായെയും കേന്ദ്രീകരിച്ചു കൊണ്ടുള്ള എതിര്‍ പ്രചാരണങ്ങളില്‍ മാത്രം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒതുങ്ങിക്കൂടുകയാണ്. ഇത്തരം പ്രചാരണങ്ങളാകട്ടെ, വ്യക്തിയധിക്ഷേപവും രാജ്യദ്രോഹവും ആണെന്ന് വിലക്കെടുത്ത പ്രചാരണ മീഡിയകളെ ഉപയോഗിച്ച് ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുകയും അങ്ങനെ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ജുഡീഷ്യറിയെ പോലും മെല്ലെ മെല്ലെ വിഴുങ്ങാന്‍ പാകത്തില്‍ വാഗ്ദാനങ്ങളുടെ ആകര്‍ഷകമായ കെണികളൊരുക്കുന്നു. അങ്ങനെ നീതിപീഠങ്ങളെയാകെ തങ്ങളുടെ കാല്‍ക്കീഴിലാക്കുക എന്ന തന്ത്രവും വിജയിക്കുന്നിടത്ത് ഇന്ത്യയെ ഫാസിസ്റ്റ്‌വത്കരിക്കുന്നതിലേക്കുള്ള ദൂരം കുറഞ്ഞ് വരുന്നു എന്ന് വേണം കരുതാന്‍.

പിന്നെ എന്താണ് ഇനിയും അവരുടെ ലക്ഷ്യവഴിയില്‍ വലിയ തടസ്സമായി നില്‍ക്കുന്നത്? അവിടെയാണ് ഇന്ത്യന്‍ഭരണഘടന സംഘ്പരിവാറിന്റെ ഏകമത രാജ്യസങ്കല്‍പ്പത്തിനു മുമ്പില്‍ ഏക വിലങ്ങുതടിയായി നിലകൊള്ളുന്നത്. അതിനെയും മറികടക്കാനുള്ള തീവ്രശ്രമം ഫാസിസത്തിന്റെ ബുദ്ധിരാക്ഷസീയതയില്‍ ഉരുത്തിരിഞ്ഞു തുടങ്ങിയതായി കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്. അതായത് മറ്റേതു തടസ്സങ്ങളെയും അധികാരത്തിന്റെ മര്‍ദനോപകരണങ്ങളുപയോഗിച്ചും ഭൂരിപക്ഷ സമുദായക്കാര്‍ക്കിടയിലേക്ക് മോഹന വാഗ്ദത്തങ്ങളുടെ പെരുമഴ വര്‍ഷിച്ചും ശരിപ്പെടുത്താനാകുമ്പോള്‍ 250ഓളം ധിഷണാ ശാലികള്‍ മൂന്ന് വര്‍ഷം തലനാരിഴകീറി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്ത ലോകത്തിലെ തന്നെ മികച്ച ഭരണഘടനകളില്‍ ഒന്നായ ഇന്ത്യന്‍ ഭരണഘടനയെ നിഷ്പ്രഭമാക്കി അസാധുവാക്കല്‍ അത്ര എളുപ്പമല്ല എന്ന് അവര്‍ക്കറിയാം. അതിനു വേണ്ടത് ഭരണഘടനാ ഭേദഗതിക്ക് വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കലാണ്. പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ അനൈക്യങ്ങള്‍ക്കിടയില്‍ പോലും ശരിയായ ഒരു തിരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിന് അത് സാധ്യമായെന്നു വരില്ല. പിന്നെ അവശേഷിക്കുന്ന മാര്‍ഗം തിരഞ്ഞെടുപ്പ് കമ്മീഷനുകളെയും ജുഡീഷ്യറിയിലെ ആശ്രിതവത്സരരെയും ഉപയോഗിച്ച് ഭരണഘടനക്ക് ചരമഗീതം ചമയ്ക്കുക എന്നത് തന്നെയാകും. മാറിയ പരിതസ്ഥിതിയില്‍ അവര്‍ക്കതിന് കഴിഞ്ഞേക്കുമെന്ന് തന്നെ നാം ഭയപ്പെടണം.

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പ് സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ഒരു ഉത്തരവ് ഇറക്കി. 20 ശതമാനം ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് ഭക്ഷ്യവിഭവങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറുമ്പോള്‍ അത് പിടിച്ചെടുത്ത് രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്നായിരുന്നു ആ വിധി. ആ തരം ചിന്താഗതിയുള്ള ഭരണഘടനാ സംരക്ഷകരായ ന്യായാധിപരുടെ വംശം തന്നെ കുറ്റിയറ്റു പോയിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണെന്നോര്‍ക്കണം.

അതുകൊണ്ട് അവര്‍ (ഇന്ത്യയെ ഏകമത രാജ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍) തിയോക്രാറ്റിക്ക് ജുഡീഷ്യറി പോലും കൊണ്ടുവരാനുള്ള അണിയറ ഒരുക്കത്തിലാണെന്ന് നിയമ പരിജ്ഞാനമുള്ള ഉത്പതിഷ്ണുക്കളായ ചില ചിന്തകര്‍ ഈയിടെയായി വെളിപ്പെടുത്തുകയുണ്ടായി. ആ വക ശ്രമങ്ങളെയും കുത്തിത്തിരിപ്പുകളെയും മറികടക്കാന്‍ ആര്‍ക്ക് കഴിയും എന്ന ചോദ്യം മാത്രമാണിപ്പോള്‍ ബാക്കിയാകുന്നത്. അതിനൊരു ശരിയുത്തരം ലഭിക്കുമ്പോള്‍ മാത്രമേ ഇന്ത്യയില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രതീക്ഷയുള്ളൂ എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.



source https://www.sirajlive.com/they-are-now-busy-revoking-the-constitution.html

Post a Comment

Previous Post Next Post