ബദ്ര്‍ ഒരു അനിവാര്യതയായിരുന്നു

ബദ്ര്‍ ദിനമാണിന്ന്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മുന്നേറ്റമായിരുന്നു ബദ്ര്‍. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്.

വിശ്വാസം
ഈമാനാണ് ബദ്ര്‍ നല്‍കുന്ന ഏറ്റവും വലിയ പാഠം. ജീവനേക്കാള്‍ വിലയുണ്ട് വിശ്വാസത്തിനെന്ന് ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുത്ത ദിനമാണ് ബദ്‌റിന്റേത്. എന്താണ് ബദ്‌റില്‍ നിന്ന് വിശ്വാസികളുള്‍ക്കൊള്ളേണ്ടതെന്ന ചോദ്യത്തിന്റെ മര്‍മപ്രധാനമായ മറുപടിയും ഇതുതന്നെയാണ്. പ്രത്യേകിച്ചും പുതിയ തലമുറക്ക് ബദ്റില്‍ വലിയ പാഠമുണ്ട്. മൊബൈല്‍ ഫോണിന്റെ ലോക്ക് പറഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍, പ്രണയ നൈരാശ്യത്തിന്റെ പേരില്‍, കൊച്ചു കൊച്ചു പിണക്കത്തിന്റെ പേരില്‍ തുടങ്ങി നിരാശയുടെ തുടക്കത്തില്‍ തന്നെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചാലോചിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നുണ്ട്. അവരും, ബിസിനസ്സ്, അഡ്മിനിസ്‌ട്രേഷന്‍, തൊഴില്‍, കുടുംബം തുടങ്ങിയ ജീവിത പരിസരങ്ങളില്‍ വലിയ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്നവരും ബദ്റില്‍ നിന്നുള്‍ക്കൊള്ളേണ്ട ആദ്യ പാഠം ഈമാനാണ്.

ആയുധം, അംഗസംഖ്യ, വാദ്യ മേളങ്ങളുടെ അകമ്പടി, രസക്കൂട്ടിനാവശ്യമായ മദ്യവും മാദക റാണിമാരും എല്ലാം അണിനിരന്ന ശത്രുപക്ഷത്തിന്റെ മുമ്പില്‍ മൂന്നിലൊന്ന് മാത്രമേ തിരുനബിയും അനുചരന്മാരും ഉണ്ടായിരുന്നുള്ളൂ. അതും ആയുധവും യുദ്ധ സന്നാഹങ്ങളും തുലോം കുറവ്. നിങ്ങള്‍ തുലോം തുച്ഛമായിരുന്നു, നിങ്ങളെ ബദ്‌റില്‍ സഹായിച്ചത് അല്ലാഹുവാണ് എന്ന ആശയം വരുന്ന സൂറത്ത് ആലുഇംറാനിലെ സൂക്തം മാത്രം മതി ബദ്‌റിലേക്ക് പോകുമ്പോഴുള്ള വിശ്വാസികളുടെ അംഗബലവും ആയുധ ബലവും മനസ്സിലാക്കാന്‍. പക്ഷേ, അവരുടെ കൈവശമുണ്ടായിരുന്ന വജ്രായുധം ഈമാനായിരുന്നു. മറുവശത്തിന്റെ കൈവശമില്ലാത്തതും അതുതന്നെയായിരുന്നു. അതുകൊണ്ട് മാത്രമാണ് വിശ്വാസികള്‍ ബദ്റില്‍ ചരിത്രം സൃഷ്ടിച്ചത്. അംഗബലവും ഭൂരിപക്ഷവുമല്ല കാര്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതെന്ന് മാലോകര്‍ക്ക് മുമ്പില്‍ ബദ്ര്‍ പറഞ്ഞുവെച്ചു. പുതിയ കാലത്തേക്കും ചേര്‍ത്തി വായിക്കാവുന്ന സന്ദര്‍ഭമാണിത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ഭയപ്പെടുകയോ ശങ്കിക്കുകയോ വേണ്ടയെന്നര്‍ഥം വരുന്ന സൂക്തമുണ്ട് വിശുദ്ധ ഖുര്‍ആനില്‍. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധികള്‍ക്ക് മുമ്പിലും ഈമാനിന് കോട്ടം സംഭവിക്കാതെ സംരക്ഷിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. എങ്കില്‍ തീര്‍ച്ചയായും സമാധാനവും സുരക്ഷയും നമ്മളെ പൊതിയും.

അനുസരണം
തിരുനബിയോടുള്ള അഗാധമായ സ്‌നേഹവും ആ നേതൃത്വത്തിലുള്ള വിശ്വാസവും ബദ്റില്‍ തെളിഞ്ഞു കാണാം. അവിടുന്ന് എന്ത് പറഞ്ഞാലും അത് സര്‍വാത്മനാ ചെയ്യാന്‍ അവര്‍ സന്നദ്ധമായിരുന്നു. സഅ്ദ്(റ) തിരുനബി(സ)യോട് പറയുന്നുണ്ട്: ‘വിദൂര പ്രദേശത്ത് ബര്‍ദുല്‍ ഇമാദ് എന്ന മലയിലേക്ക് ഈ പട്ടിണി കിടന്ന ഒട്ടകങ്ങളുമായി പോകാന്‍ പറഞ്ഞാലും സമുദ്രത്തിന്റെ അഗാധതയിലേക്ക് അങ്ങ് ഞങ്ങളോട് മുങ്ങിത്താഴാന്‍ പറഞ്ഞാലും ഞങ്ങളത് ചെയ്യും’… ഇതായിരുന്നു ഓരോ സ്വഹാബിക്കും തിരുനബിയിലുള്ള വിശ്വാസവും അവരുടെ ത്യാഗസന്നദ്ധതയും. അല്ലാഹുവിലും തിരുനബിയിലുമുള്ള അടിയുറച്ച വിശ്വാസവും തവക്കുലുമാണ് ജാഹിലിയ്യത്തിനെ കീഴ്‌പ്പെടുത്താന്‍ സ്വഹാബത്തിനെ പാകപ്പെടുത്തിയത്. ഇതേ വിശ്വാസവും തവക്കുലും തന്നെയാണ് പുതിയകാലത്തെ ജാഹിലിയ്യത്തിനെ കീഴ്‌പ്പെടുത്താനും നമുക്കാവശ്യമുള്ളത്.

ബദ്റിനെ തെറ്റിദ്ധരിക്കപ്പെടരുത്
ബദ്‌റിന്റെ ആവശ്യകത മനസ്സിലാക്കണമെങ്കില്‍ ബദ്‌റിനുമുമ്പുള്ള തിരുനബിയുടെയും സ്വഹാബാക്കളുടെയും ജീവിത ചരിത്രത്തെ അടുത്തറിയാന്‍ ശ്രമിക്കണം. ലോകത്ത് ചൂഷകര്‍ക്കെതിരെ നടന്ന എല്ലാ മൂവ്‌മെന്റ്‌സിന്റെയും ചോദന എന്തായിരുന്നു? മാന്യമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശ നിഷേധത്തില്‍ നിന്നും തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം എന്ന വികാരത്തില്‍ നിന്നുമായിരുന്നു വിപ്ലവങ്ങളുടെയെല്ലാം പൊട്ടി പുറപ്പാട്. ലോക വിപ്ലവ ചരിത്രങ്ങളെ മാന്യമായി പഠിക്കാനും തൊഴിലാളി വിപ്ലവങ്ങളെ അവകാശ സമരങ്ങളായി കാണാനുമുള്ള അതേ മനോഭാവം എന്തുകൊണ്ട് ഇസ്ലാമിക ചരിത്ര വായന നടത്തുമ്പോള്‍ നഷ്ടമാകുന്നു?

വിശുദ്ധ ഖുര്‍ആനില്‍ യുദ്ധം ചെയ്യാനുള്ള ആയത്ത് ഇറങ്ങിയത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളെ കൊന്നൊടുക്കലല്ലെന്നും മറിച്ച്, തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള അവകാശം നേടിയെടുക്കലാണെന്നും പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. ഹിംസയായിരുന്നില്ല ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ യുദ്ധത്തിനു മുമ്പുള്ള തിരുനബിയുടെ ഉപദേശത്തിന്റെ പാഠങ്ങള്‍ പരതിയാല്‍ മതിയാകും. ആ സമയത്ത് സ്വഹാബാക്കളെ അവിടുന്ന് ഉപദേശിച്ചത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്: ‘നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പുറപ്പെടുക, അല്ലാഹുവാണേ സത്യം, നിങ്ങള്‍ വൃദ്ധന്മാരെ ഉപദ്രവിക്കരുത്. കുട്ടികളെ ആക്രമിക്കരുത്. സ്ത്രീകള്‍ക്ക് നേരേ അതിക്രമം കാണിക്കരുത്. മൃഗങ്ങളെയും മരങ്ങളെയും നശിപ്പിക്കരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കണം. നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹുവിന് എന്തെന്നില്ലാത്ത ഇഷ്ടമാണ്’.

എത്രമാത്രം മഹത്തരമാണ് തിരുനബിയുടെ ഈ ഉപദേശം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അഴിച്ചുവിടുകയും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും വധശ്രമം വരെ ആസൂത്രണം ചെയ്യുകയും ചെയ്ത, തങ്ങളുടെ സ്വത്തുക്കളും സമ്പാദ്യവും എല്ലാം പിടിച്ചടക്കിയ ഒരു സമൂഹത്തെ മുമ്പില്‍ കിട്ടിയിട്ടും അവിടുത്തെ ഉപദേശം സംയമനം പാലിക്കാനായിരുന്നു. അഥവാ യുദ്ധത്തില്‍ പോലും മാന്യത കാണിച്ച നേതാവായിരുന്നു അവിടുന്ന്. ബദ്ര്‍ ഒരിക്കലും മറ്റൊരു സമൂഹത്തെ കടന്നാക്രമിക്കാന്‍ വേണ്ടി തിരുനബി നല്‍കിയ അനുമതിയായിരുന്നില്ല. ഈ പേരു പറഞ്ഞു കൊണ്ട് മഹത്തായ ബദ്‌റിനെ ചൂഷണം ചെയ്യുന്ന ഒട്ടനവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ബദ്‌റിലെ സ്വഹാബാക്കളുടെ അംഗബലവും ആയുധമില്ലാത്ത അവസ്ഥയും പറഞ്ഞ് ചരിത്രത്തെ മനസ്സിലാക്കാത്ത യുവാക്കളെ പ്രലോഭിപ്പിച്ച് അവരെ തീവ്രവാദത്തിലേക്ക് നയിക്കുന്നവര്‍ ഒരുകാര്യം മറന്നു. അന്ന് ബദ്‌റില്‍ അവരെ സഹായിച്ചത് അല്ലാഹുവായിരുന്നു. 70 തവണ യുദ്ധം നിരോധിച്ചുകൊണ്ട് ആയത്തിറക്കിയ അല്ലാഹു അവസാനം സമ്മതം കൊടുത്തത് ഇനിയും വൈകിയാല്‍ അതവരുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാലാണ്. അഥവാ എന്നും ഇസ്ലാമിന്റെ നയം യുദ്ധത്തെയും വയലന്‍സിനെയും നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. ഇന്നും അല്ലാഹു നമ്മെ സഹായിക്കും. പക്ഷേ, ക്ഷമയോടെയും ഈമാനോടെയും കാത്തിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം. എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല. അതുകൊണ്ട് ബദ്‌റിനെ വക്രബുദ്ധിയിലൂടെ വളച്ചൊടിക്കുന്നവരെ മനസ്സിലാക്കാനും ബദ്‌റിന്റെ യഥാര്‍ഥ ചരിത്രം ഉള്‍ക്കൊള്ളാനും വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സാധിക്കണം.

എന്തുകൊണ്ട് ബദ്ര്‍?
ബദ്ര്‍! അതിജീവനത്തിനുള്ള സമരമായിരുന്നു. ഇസ്ലാം എന്ന വിശ്വപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി ഒരു കൂട്ടം വിശ്വാസികള്‍ തിരുനബിയോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട് ധീരമായി സമരം ജയിച്ച ചരിത്രം പറയുന്ന, ലോകത്തിന്റെ സമര ചരിത്രങ്ങള്‍ക്ക് മറക്കാനാകാത്ത അധ്യായം സമ്മാനിച്ച ദിനം. വിശ്വാസത്തെ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി വാളെടുത്തതായിരുന്നോ തിരുനബിയും സംഘവും? വിശ്വാസം പ്രത്യക്ഷ ആയുധങ്ങള്‍ക്കും ജല്‍പ്പനങ്ങള്‍ക്കും വഴങ്ങുന്ന ഒന്നായിരുന്നുവെങ്കില്‍ ഇത്തരം വാദത്തിന് പ്രസക്തിയുണ്ടായിരുന്നു. ബദ്‌റിന്റെ ഓര്‍മകളെ പുതുക്കുമ്പോള്‍ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അല്ല സ്മരിക്കപ്പെടുന്നത്. മറിച്ച്, തിരുനബിയുടെയും സ്വഹാബാക്കളുടെയും ജീവിതവും സഹനവും ക്ഷമയുമാണ് ഓര്‍ക്കപ്പെടുന്നത്.

യുദ്ധത്തിന് അനുമതി നല്‍കി വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹജ്ജിലെ സൂക്തം ഇറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പടയൊരുക്കം. ‘അക്രമിക്കപ്പെട്ടവര്‍ക്ക് തിരിച്ച് അക്രമിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍’. പ്രവാചകരും സ്വഹാബാക്കളും അനുഭവിച്ച ത്യാഗങ്ങളിലേക്കുള്ള സൂചനയുണ്ട് ഈ ആയത്തില്‍. ഇത്രമാത്രം ക്രൂരത കാണിച്ചിട്ടും തിരിച്ചടിക്കാതിരിക്കുന്നതെങ്ങനെ എന്ന ആശ്ചര്യവും വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ബദ്ര്‍ ഒരു അനിവാര്യതയായിരുന്നു.

 



source https://www.sirajlive.com/badr-was-a-necessity.html

Post a Comment

أحدث أقدم