ഇരുളല്ല ജീവിതം; എൻട്രി@അട്ടപ്പാടി

തിരുവനന്തപുരം | ജീവിതത്തിലെ ഇരുൾ മുറിച്ചു കടന്ന് അട്ടപ്പാടിക്കാരുടെ ഇരുള നൃത്തം. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയായ കനകക്കുന്നിലെ നിശാഗന്ധിയിലാണ് ചരിത്ര വിസ്മയം അരങ്ങേറിയത്. കിട മത്സരങ്ങളുടേയും മേക്കപ്പ് മേളകളുടേയും പണക്കൊഴുപ്പിൽ സ്‌കൂൾ കലോത്സവ വേദിയിൽ അവതരണം നടത്തുകയെന്നത് അട്ടപ്പാടിയിലെ കുട്ടികൾക്ക് വിദൂര സ്വപ്‌നമായിരുന്നു. ഇത്തവണ അവരുടെ തന്നെ ആചാര കലയായ ഇരുള നൃത്തം കലോത്സവ ഇനത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ ചരിത്രം തിരുത്തിയത്.
പരിശീലനം കഴിഞ്ഞ് മത്സരത്തിനെത്തിയ മറ്റ് ജില്ലകളിലെ വിദ്യാർഥികൾ പ്രത്യേകം പാട്ടുകാരെ ഉൾപ്പെടുത്തിയായിരുന്നു മത്സരിച്ചതെങ്കിൽ അട്ടപ്പാടി സംഘത്തിന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പാട്ടിനൊപ്പം അവർ തന്നെ നൃത്തം ചവിട്ടി. പത്തനംതിട്ട വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളാണ് ഈ അട്ടപ്പാടി സംഘം. ട്രൈബൽ ഡിപാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിലേക്ക് ആദിവാസി പ്രമോട്ടർമാർ വഴിയാണ് വിദ്യാർഥികളെ കൊണ്ടുവരുന്നത്.

തീർത്തും അപരിഷ്‌കൃതമായ സാമൂഹികാവസ്ഥയിൽ ജീവിക്കുന്ന അട്ടപ്പാടി കുട്ടികളെ റസിഡൻഷ്യൽ സ്‌കൂളിലെത്തിച്ചാൽ സാധാരണ അവസ്ഥയുമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസമാണെന്നാണ് അധ്യാപകർ പറയുന്നത്. വീട്ടിലേക്ക് വിട്ടാൽ പിന്നീട് സ്‌കൂളിലെത്താനും പ്രയാസമാണ്. ഈയവസ്ഥയിൽ വളരെ പണിപ്പെട്ടാണ് ഇവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടു പോകുന്നത്. ശബരിമല വനമേഖലയിലെ കൊടുംകാടിനുള്ളിൽ ജീവിതം നയിക്കുന്ന മലന്പണ്ഡാര വിഭാഗത്തിലെ കുട്ടികളടക്കം ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്.
പാലക്കാട് അട്ടപ്പാടിയിലെ ഇരുളവിഭാഗക്കാരുടെ പരമ്പരാഗത കലാരുപമാണ് ഇന്നലെ അവതരിപ്പിച്ച ഇരുളനൃത്തം. കഴിഞ്ഞ ദിവസങ്ങളിൽ പണിയ നൃത്തവും പളിയ നൃത്തവും ഈ രീതിയിൽ പുതുതായി അവതരിപ്പിക്കപ്പെട്ടിരുന്നു. തമിഴ് കലർന്ന നാടോടി ഗാനങ്ങൾക്കൊത്ത് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആടുന്ന നൃത്തമാണ് ഇരുളനൃത്തം.



source https://www.sirajlive.com/life-is-not-darkness-entry-attappadi.html

Post a Comment

أحدث أقدم