13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം | പ്രണയിച്ചു വിവാഹം കഴിച്ച യുവതിയുടെ ആദ്യ ബന്ധത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 78 വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം രൂപ പിഴയും.

41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്‌ളാസില്‍ പഠിക്കുന്ന സമയത്താണ് 13 കാരി പീഡനത്തിന് ഇരയായത്. നേരത്തെ വിവാഹിതയായിരുന്ന കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലായത്തിലായി രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വൈശാഖ് മോശമായി പെരുമാറുന്നത് പെണ്‍കുട്ടിയുടെ അനുജന്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അനിയന്‍ അമ്മയോട് വിവരം പറയുകയും ഇക്കാര്യം വൈശാഖിനോട് ചോദിച്ചപ്പോള്‍ അമ്മയെ ഉള്‍പ്പെടെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.

 



source https://www.sirajlive.com/stepfather-sentenced-to-78-years-in-prison-for-raping-13-year-old-girl.html

Post a Comment

Previous Post Next Post