കേസുകളുടെ മാധ്യസ്ഥ്യത്തിന് കൂടുതല്‍ വേദികള്‍ വേണം

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം നീതിന്യായ മേഖലയില്‍ എന്നും ചര്‍ച്ചയാണ്. കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെയുണ്ട് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍പ്പാകാത്ത കേസുള്‍. നീതിന്യായ വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതരാകുന്ന ജഡ്ജിമാരെല്ലാം പ്രഖ്യാപിക്കാറുണ്ട്. പരിഹൃതമാകാതെയാണ് അവരൊക്കെയും പടിയിറങ്ങിപ്പോയത്. പുതുതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് സൂര്യകാന്തും കേസുകള്‍ തീര്‍പ്പാകുന്നതിലെ കാലതാമസത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കോടതിക്കു പുറത്തുള്ള മാധ്യസ്ഥതയിലൂടെ ഇതിന് പരിഹാരം കാണുമെന്നാണ് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞത്.

രാജ്യം പൗരന്മാര്‍ക്ക് ഉറപ്പാക്കേണ്ട അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സമയബന്ധിതമായ നീതി. നീതിവിളംബം നീതിനിഷേധമെന്നത് കേവലമൊരു വാചകമല്ല, നിശ്ചിതമായ യാഥാര്‍ഥ്യമാണ്. കേസുകള്‍ നീളുമ്പോള്‍ പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ കണ്ടെത്തും. നിരപരാധിയായ പ്രതികള്‍ ആവശ്യമില്ലാതെ സാമ്പത്തികമടക്കം കേസിന്റെ ഭാരം അനാവശ്യമായി വഹിക്കേണ്ടി വരുന്നു. കോടതി നിരപാധിയെന്ന് വിധിക്കുന്നതു വരെ സമൂഹം അയാളെ കുറ്റവാളിയായി മുദ്രകുത്തുന്നത് മൂലമുണ്ടാകുന്ന മാനസിക പീഡനം അതിനേക്കാള്‍ ഗുരുതരം. കുടുംബ ജീവിതത്തിന്റെ തകര്‍ച്ച, ജോലി നഷ്ടപ്പെടല്‍, വിദേശ യാത്ര തടസ്സപ്പെടല്‍ തുടങ്ങി പ്രത്യാഘാതങ്ങള്‍ വേറെയും. നീതി നടപ്പാക്കാന്‍ കൊണ്ടുവന്ന സംവിധാനം പൗരന്മാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ദുരവസ്ഥ.

രാജ്യമെമ്പാടുമുള്ള കോടതികളിലായി ആറ് കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. സുപ്രീം കോടതിയില്‍ മാത്രം 90,000 കേസുകളുണ്ട്. കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചോദ്യത്തിന് കോടതി രജിസ്ട്രി നല്‍കിയ മറുപടിയില്‍ 30 വര്‍ഷം പഴക്കമുള്ള 24 കേസുകളുണ്ട് തീര്‍പ്പും കാത്ത് പരമോന്നത കോടതിയില്‍. 2022 നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കോടതി ഫുള്‍കോര്‍ട്ട് യോഗം ദിനംപ്രതി കൂടുതല്‍ കേസുകള്‍ കേള്‍ക്കാനും പരമാവധി തീര്‍പ്പ് കല്‍പ്പിക്കാനും തീരുമാനമെടുത്തിരുന്നു. എല്ലാ ബഞ്ചുകളും 10 കേസ് വീതമെടുത്താല്‍ ദിനംപ്രതി 130 കേസുകളും ആഴ്ചയില്‍ 650 കേസുകളും കൈകാര്യം ചെയ്യാനാകുമെന്നും യോഗം വിലയിരുത്തി. പക്ഷേ യോഗതീരുമാനമനുസരിച്ച് കൈകാര്യം ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുത്താന്‍ സാധിച്ചില്ല. ജഡ്ജിമാര്‍ക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവും സഹകരിച്ചെങ്കില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കാനാകൂ. ഫയലുകള്‍ സമയത്തിന് കോടതിയില്‍ എത്താതിരിക്കുക, സാക്ഷികളെ ഹാജരാക്കുന്നതിലെ കാലതാമസം, തെളിവുകള്‍ സൂക്ഷിക്കുന്നതിലെ വീഴ്ച തുടങ്ങി കോടതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിടിപ്പുകേടുകള്‍ മൂലവും കോടതി നടപടികള്‍ വൈകാറുണ്ട്.

പോലീസ് അന്വേഷണം സമയത്തിന് പൂര്‍ത്തിയാകാത്തതാണ് മറ്റൊരു കാരണം. ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ സംഭവിക്കുന്ന ഉദാസീനതയും തെളിവ് ശേഖരിക്കുന്നതില്‍ വരുന്ന കാലതാമസവും സാങ്കേതിക സംവിധാനങ്ങളുടെ അഭാവവും കേസുകളെ സ്തംഭനത്തിലാക്കുന്നത് പതിവാണ്. ഫോറന്‍സിക് റിപോര്‍ട്ടുകള്‍ക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും.
വക്കീലന്മാര്‍ക്കുമുണ്ട് കേസുകള്‍ നീളുന്നതില്‍ പങ്ക്. കോടതികളില്‍ തീയതി നീട്ടി ആവശ്യപ്പെടുന്ന ഒരു സംസ്‌കാരം തന്നെ വളര്‍ന്നു വന്നിട്ടുണ്ട് ചില അഭിഭാഷകരില്‍. വാദത്തിന് തയ്യാറായിട്ടില്ലെന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസവും പലരുടെയും പതിവുശൈലിയാണ്. കേസ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇത് തടസ്സം സൃഷ്ടിക്കുന്നു. ഇത് കക്ഷിക്കും കോടതിക്കും മാത്രമല്ല, നീതിന്യായ വ്യവസ്ഥക്കും ദോഷകരമായി ഭവിക്കുന്നു.

ജഡ്ജിമാരുടെയും കോടതി സ്റ്റാഫുകളുടെയും എണ്ണക്കുറവും ഈ പ്രവണതക്ക് ആക്കം കൂട്ടുന്നു. ഇന്ത്യയില്‍ ജഡ്ജി-ജനസംഖ്യ അനുപാതം ഒരു ലക്ഷം പേര്‍ക്ക് 18 ജഡ്ജിമാരാണ്. ഇത് 50 ആക്കി ഉയര്‍ത്തണമെന്ന് നിയമകമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കോടതി നടപടികളുടെ വേഗം വര്‍ധിപ്പിക്കുക പൊടുന്നനെ സാധ്യമാകുന്ന പരിഹാരമല്ല. ഇവിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നോട്ടു വെച്ച “കോടതിക്ക് പുറത്തുള്ള മാധ്യസ്ഥ്യം’ (ആള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍- എ ഡി ആര്‍) പ്രസക്തമാകുന്നത്. കോടതി വിധികള്‍ പലപ്പോഴും “ഒരു പക്ഷത്തിന് ജയം മറുപക്ഷത്തിന് തോല്‍വി’ എന്ന നിലപാടില്‍ അവസാനിക്കുമ്പോള്‍, എ ഡി ആറില്‍ ഇരുപക്ഷത്തിനും സംതൃപ്തി നല്‍കുന്ന പരിഹാരത്തിലെത്താന്‍ കഴിയുന്നു. വര്‍ഷങ്ങളോളം നീണ്ട കോടതി വ്യവഹാരത്തേക്കാള്‍ വേഗതയാര്‍ന്നതും ചെലവ് കുറഞ്ഞതുമാണ് ഈ മാര്‍ഗം. മധ്യസ്ഥ മേശയില്‍ മണിക്കൂറുകള്‍ കൊണ്ടോ ദിവസങ്ങള്‍ക്കകമോ പരിഹരിക്കപ്പെട്ട കേസുകള്‍ ധാരാളം. കുടുംബ തര്‍ക്കങ്ങള്‍, സിവില്‍ കേസുകള്‍, ചെറുകിട ബിസിനസ്സ് പ്രശ്‌നങ്ങള്‍, വാടക-ഭൂമി തര്‍ക്കങ്ങള്‍ തുടങ്ങിയവയില്‍ ഇത് കൂടുതല്‍ ഫലപ്രദമാണ്.

അടുത്തിടെ നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും മീഡിയേഷന്‍ ആന്‍ഡ് കൗണ്‍സിലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും ചേര്‍ന്ന് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് “മീഡിയേഷന്‍ – ഫോര്‍ ദ നാഷന്‍’ എന്ന പേരില്‍ രാജ്യത്തുടനീളം 90 ദിവസത്തെ കേസ് തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ നടന്ന ഈ ക്യാമ്പയിനില്‍ പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യല്‍ ഓഫീസര്‍മാരുമാണ് മാധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ക്യാമ്പയിനിലെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായിരുന്നു. രാജ്യത്തെമ്പാടുമായി ആയിരക്കണക്കിന് കേസുകള്‍ ഈ ക്യാമ്പയിനില്‍ തീര്‍പ്പായി. ഇത്തരം വേദികള്‍ വ്യാപകവും സ്ഥിരവുമാക്കി മാറ്റേണ്ടതുണ്ട്്.



source https://www.sirajlive.com/more-venues-are-needed-for-mediation-of-cases.html

Post a Comment

Previous Post Next Post