തിരുവനന്തപുരം | ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് മാറുന്നു. ഇന്ന് മുതൽ ലോക്ഭവൻ എന്ന് അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പേരുമാറ്റം. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. ഗവർണറുടെ വസതികൾക്ക് പുറമെ, ലഫ്റ്റനന്റ്ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് “ലോക്‌നിവാസ്’ എന്നും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
അസം, പശ്ചിമ ബംഗാൾ രാജ്ഭവനുകളുടെ പേര് മാറ്റിക്കൊണ്ടുള്ള വിജ്ഞാപനവും കഴിഞ്ഞ ദിവസം പുറത്തിറക്കി. അസം ഗവർണർ ലക്ഷ്മൺപ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ശനിയാഴ്ചയുമാണ് പേരുമാറ്റത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. കൊളോണിയൽ സ്വാധീനമുള്ള പേരാണ് രാജ്ഭവൻ എന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം.
“ജനങ്ങളുടെ ഭവനം’ എന്ന അർഥം വരുന്നതിനാലാണ് ലോക്ഭവൻ എന്ന പേര് സ്വീകരിച്ചത്. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കി ഗവർണർമാരുടെ സാന്നിധ്യം ശക്തമാക്കാനാണ് എൻ ഡി എ സർക്കാറിന്റെ ലക്ഷ്യം. ബി ജെ പി അനുഭാവികളായ ഗവർണർമാർ ഇതിനകം തന്നെ രാജ്ഭവൻ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
source https://www.sirajlive.com/raj-bhavan-now-lok-bhavan-name-change-today.html
Post a Comment