ദുബൈയിലെ പുതുവത്സരാഘോഷം: സുരക്ഷയൊരുക്കിയത് 53,000 ക്യാമറകളും 38 ഡ്രോണുകളും

ദുബൈ | ലോകം ഉറ്റുനോക്കിയ ദുബൈയിലെ പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍. നഗരത്തിലെ 40 പ്രധാന കേന്ദ്രങ്ങളിലായി നടന്ന ആഘോഷങ്ങള്‍ നിരീക്ഷിക്കാന്‍ ഇത്തവണ 38 ഡ്രോണുകളും 53,199 സി സി ടി വി ക്യാമറകളുമാണ് വിന്യസിച്ചത്.

ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ഡ്രോണുകള്‍ മാത്രം ഉപയോഗിച്ചിടത്താണ് ഇത്തവണ 38 എണ്ണം ഉപയോഗിച്ചത്. ബുര്‍ജ് ഖലീഫയിലെ ‘ഡൗണ്‍ ടൗണ്‍’ ഓhറേഷന്‍ സെന്റര്‍ ഉള്‍പ്പെടെ ഏഴ് കണ്‍ട്രോള്‍ റൂമുകളിലേക്ക് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം എത്തിച്ചാണ് നിരീക്ഷണം ശക്തമാക്കിയത്.

ലോകത്ത് തന്നെ 40 പ്രധാന കേന്ദ്രങ്ങളില്‍ ഒരേസമയം പുതുവത്സരാഘോഷം നടക്കുന്ന ഏക നഗരം ഒരുപക്ഷേ ദുബൈ ആയിരിക്കുമെന്ന് ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റ. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. 55 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സിവില്‍ ഡിഫന്‍സ് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. 1,754 അഗ്നിശമന സേനാംഗങ്ങളെയും 156 വാഹനങ്ങളെയും 12 മറൈന്‍ ബോട്ടുകളെയും വിന്യസിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജമാല്‍ ബിന്‍ ആദെദ് അല്‍ മുഹൈരി വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബുര്‍ജ് ഖലീഫക്ക് സമീപം മൊബൈല്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരുന്നു. ഡ്രോണ്‍ ബോക്സ് സംവിധാനം ഉപയോഗിച്ചതും അത്യാധുനിക സാങ്കേതികവിദ്യ നടപ്പിലാക്കിയതും അപകടങ്ങള്‍ കുറക്കാനും വേഗത്തില്‍ ഇടപെടാനും സഹായിച്ചു.

 



source https://www.sirajlive.com/new-year-39-s-eve-in-dubai-53000-cameras-and-38-drones-provided-security.html

Post a Comment

Previous Post Next Post