ഹാഫിസ് സഈദ് സിറാജ് വി എം
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക ചരിത്രം പരിശോധിക്കുമ്പോള്‍, വലിയ പ്രതിസന്ധികളെ അതിജീവിച്ച ഒരു സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും രേഖാചിത്രം കാണാന്‍ കഴിയും. കാര്‍ഷിക മേഖലയില്‍ നിന്ന് തുടങ്ങി സേവന മേഖലയുടെ കരുത്തില്‍ ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ വളര്‍ന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. രാജ്യം ആ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു എന്ന ഔദ്യോഗിക അവകാശവാദങ്ങള്‍ക്കിടയിലും യാഥാര്‍ഥ്യം അത്ര ശോഭനമല്ല. വിദേശ കറന്‍സികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്.
പിന്തിരിയുന്ന വിദേശ നിക്ഷേപകര്‍
ഇന്ത്യയുടെ വ്യാപാരക്കമ്മി കൂടാന്‍ പ്രധാനമായും ഇടയാക്കുന്നത് കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിക്കുന്നതാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ പോലുള്ള അവശ്യവസ്തുക്കള്‍ക്കായി രാജ്യം വലിയ തോതില്‍ ഡോളര്‍ വിദേശത്തേക്ക് നല്‍കേണ്ടി വരുമ്പോള്‍ കരുതല്‍ ശേഖരം ശോഷിക്കുന്നു. ഇതിനോടൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ പ്രത്യേകിച്ച് അമേരിക്കയിലെ പലിശനിരക്ക് വര്‍ധനവിനെത്തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് മൂലധനം വന്‍തോതില്‍ പിന്‍വലിച്ച് കൂടുതല്‍ സുരക്ഷിതമായ വിപണികളിലേക്ക് മാറുന്നത് ഇന്ത്യന്‍ രൂപയുടെ കരുത്ത് ചോര്‍ത്തുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ആഗോളതലത്തില്‍ യുദ്ധങ്ങളോ സാമ്പത്തിക അനിശ്ചിതത്വങ്ങളോ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് പിന്‍വലിക്കപ്പെടുന്ന ഈ പണം വിപണിയില്‍ വലിയ വിടവുകള്‍ സൃഷ്ടിക്കുന്നു. യഥാര്‍ഥത്തില്‍ രൂപയുടെ ഈ മൂല്യത്തകര്‍ച്ച സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു അദൃശ്യ നികുതിയായി മാറുകയും വിലക്കയറ്റത്തെ നാം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യ വലിയൊരു ശതമാനം ഉത്പന്നങ്ങള്‍ക്കും വിദേശ വിപണിയെ ആശ്രയിക്കുന്ന രാജ്യമായതുകൊണ്ട് തന്നെ, ഡോളറിന് കൂടുതല്‍ രൂപ നല്‍കേണ്ടി വരുമ്പോള്‍ ആ ഭാരം മുഴുവന്‍ ചെന്നുവീഴുന്നത് സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിലാണ്.
വിലക്കയറ്റത്തിലെ വെല്ലുവിളികള്‍
വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ ശ്വാസംമുട്ടിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യ ഉത്പന്നങ്ങളുടെയും സ്വര്‍ണത്തിന്റെയും വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു. ഗതാഗത ച്ചെലവ് വര്‍ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുതിച്ചുയരാന്‍ കാരണമാകുന്നു. ഇതിന്റെ ഫലമായി വിപണിയില്‍ പണമൊഴുക്ക് കുറയുകയും ജനങ്ങളുടെ വാങ്ങല്‍ ശേഷി വന്‍തോതില്‍ ഇടിയുകയും ചെയ്തു. സാധാരണക്കാരന്റെ വരുമാനത്തില്‍ വര്‍ധനവില്ലാത്ത അവസ്ഥയും എന്നാല്‍ ചെലവുകള്‍ ഇരട്ടിയാകുന്നതും വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് രാജ്യം പൂര്‍ണമായി മുക്തമാകുന്നതിന് മുമ്പ് തന്നെയുണ്ടായ ഈ പ്രതിസന്ധികള്‍ പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
തലതിരിഞ്ഞ പരിഷ്‌കാരങ്ങളും തൊഴില്‍രാഹിത്യവും
സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളുടെ വിജയപരാജയങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ പ്രതിസന്ധികളുടെ വ്യാപ്തി ഒന്നുകൂടി വ്യക്തമാകും. ബേങ്കിംഗ് മേഖലയില്‍ കൊണ്ടുവന്ന ലയനങ്ങളും കര്‍ശന നിയന്ത്രണങ്ങളും കിട്ടാക്കടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിച്ചെങ്കിലും, സാധാരണക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും വായ്പകള്‍ ലഭിക്കുന്നത് ദുഷ്‌കരമാക്കി. നോട്ടുനിരോധനവും അതിനുശേഷം നടപ്പാക്കിയ ജി എസ് ടി പോലെയുള്ള നികുതി സംവിധാനങ്ങളും രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണ വ്യാപാരികളില്‍ വലിയ തിരിച്ചടികളാണ് ഉണ്ടാക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവെന്നത് സര്‍ക്കാറിന്റെ വിജയമായി ചൂണ്ടിക്കാണിക്കാമെങ്കിലും സങ്കീര്‍ണമായ നികുതി ഘടനകള്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ സാരമായി ബാധിച്ചു. ഈ മേഖല തളര്‍ന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമായി. ലക്ഷക്കണക്കിന് യുവജനങ്ങള്‍ അനുയോജ്യമായ തൊഴിലില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു.
ഈ യുവജനങ്ങളുടെ നൈരാശ്യമാണ് വിദ്യാഭ്യാസത്തിനായും തൊഴിലിനായും കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതക്ക് ഒരു പരിധിവരെ ആക്കം കൂട്ടിയത്.
താങ്ങായി പ്രവാസികള്‍
മറുവശത്ത് ഈ സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തെ താങ്ങിനിര്‍ത്തുന്ന ഒരു വലിയ വിഭാഗമുണ്ട്, പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന പണമിടപാടുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വലിയൊരു പരിധി വരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കുമ്പോള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അത് ശമ്പളത്തില്‍ ലഭിക്കുന്ന ഒരു അദൃശ്യ വര്‍ധനവ് പോലെയാണ് മാറുന്നത്.
2014ല്‍ ഒരു ദിര്‍ഹം നാട്ടിലേക്ക് അയക്കുമ്പോള്‍ ഏകദേശം 16 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അത് 23 രൂപക്ക് മുകളിലെത്തിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് പണമയക്കുമ്പോള്‍ ലഭിക്കുന്ന ഈ അധിക മൂല്യം പല പ്രവാസി കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ശമ്പളത്തില്‍ നേരിട്ട് വര്‍ധനവില്ലാത്തപ്പോഴും വിനിമയ നിരക്കിലെ ഈ ലാഭം അവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു. സാധാരണക്കാരുടെ കുടുംബ ജീവിതത്തില്‍ പ്രവാസി പണത്തിന്റെ സ്വാധീനം ചെറുതല്ല. വീട് നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പോഷകാഹാരം എന്നിവയിലെല്ലാം ഈ പണം നിര്‍ണായക പങ്കുവഹിക്കുന്നു.
പ്രവാസികള്‍ക്ക് ഇതൊരു വിളവെടുപ്പുകാലമാണെങ്കിലും ഇതിലൊരു വലിയ വിരോധാഭാസമുണ്ട്. ഈ വിദേശപണം നാട്ടില്‍ എവിടേക്കാണ് നിക്ഷേപിക്കപ്പെടുന്നത്? ഭൂരിഭാഗം പണവും റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ആഡംബര ഭവനങ്ങള്‍ എന്നീ മേഖലകളിലേക്കാണ് പോകുന്നത്. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ കൃത്രിമമായ വിലക്കയറ്റവും സാമ്പത്തിക അസമത്വവും സൃഷ്ടിക്കുന്നു. ഇത്രയധികം വിദേശപണം ഒഴുകിയെത്തിയിട്ടും അവയൊന്നും ഉത്പാദന മേഖലയിലോ തൊഴില്‍ദായക വ്യവസായങ്ങളിലോ കാര്യമായി നിക്ഷേപിക്കപ്പെടുന്നില്ല.
കൂനിന്മേല്‍ കുരുവായി വ്യാജങ്ങള്‍
ഈ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയും വാര്‍ത്താ മാധ്യമങ്ങളും ജനങ്ങളുടെ സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വസ്തുതകളേക്കാള്‍ ഉപരിയായി ഊഹങ്ങളും ആശങ്കാജനകമായ വാര്‍ത്തകളും അതിവേഗം പ്രചരിക്കുന്നത് വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സാമ്പത്തിക തീരുമാനങ്ങളെ തെറ്റായി സ്വാധീനിക്കുകയും ചെയ്യുന്നു. ഓഹരി വിപണിയിലെ ചെറിയ വീഴ്ചകള്‍ പോലും വലിയ സാമ്പത്തിക തകര്‍ച്ചയായി ചിത്രീകരിക്കപ്പെടുമ്പോള്‍, മറുവശത്ത് അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ചുപിടിച്ച് രാജ്യം വലിയ കുതിപ്പിലാണെന്ന വ്യാജ പ്രചാരണങ്ങളും നടക്കുന്നു.
“മേക്ക് ഇന്‍ ഇന്ത്യ’ വാക്കിലൊതുങ്ങരുത്
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. “മേക്ക് ഇന്‍ ഇന്ത്യ’ പ്രായോഗികമാകണം. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നികുതിയിളവുകളും പ്രോത്സാഹനങ്ങളും നല്‍കി ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണം. എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി സൗരോര്‍ജം, ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ എന്നിവയിലേക്ക് രാജ്യം അതിവേഗം മാറണം. വിദേശ രാജ്യങ്ങളെയും പ്രവാസി പണത്തെയും മാത്രം ആശ്രയിക്കാതെ ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്ന സന്തുലിത മാതൃകയിലേക്ക് ഇന്ത്യ മാറണം. പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമായി ലഭിക്കുന്ന പണം വിദേശനാണ്യ ശേഖരത്തിന്റെ നട്ടെല്ലായി ഇന്നും നിലകൊള്ളുന്നുണ്ടെങ്കിലും ഒരു രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക ഭദ്രത മറ്റുള്ളവരുടെ പണത്തെ മാത്രം ആശ്രയിച്ച് നിലനില്‍ക്കില്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാങ്കേതികവും വ്യാവസായികവുമായ സ്വയംപര്യാപ്തത നാം കൈവരിച്ചേ തീരൂ. എങ്കില്‍ മാത്രമേ കിതപ്പ് മാറ്റി ഇന്ത്യന്‍ രൂപയെയും സമ്പദ് വ്യവസ്ഥയെയും യഥാര്‍ഥ കരുത്തിലേക്ക് നയിക്കാനും താഴെത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് കൂടി ഗുണകരമാകുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാനും സാധിക്കൂ.
source https://www.sirajlive.com/there-are-no-shortcuts-to-financial-freedom.html
Post a Comment