തിരുവനന്തപുരം | കാപ്പ അടക്കം ഏഴു കേസുകളില്‍ പ്രതിയായിരിക്കുമ്പോഴാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണത്ത് സുഗതനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കിയതെന്നു വ്യക്തമായി. കൗണ്‍സിലര്‍ ആര്‍ സുഗതന്‍ കാപ്പാ കേസില്‍ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയര്‍ വി വി രാജേഷിന്റെ വാദം പൊളിഞ്ഞു. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്.
സുഗതന്‍ കാപ്പ കേസില്‍ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയര്‍ വിവി രാജേഷിന്റെ വാദം പൊളിക്കുന്ന പോലീസ് രേഖകള്‍ പുറത്ത് വന്നു. ആര്‍ സുഗതനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് 2023 ലാണ്. കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒന്നെങ്കില്‍ തടവിലിടുകയോ അല്ലെങ്കില്‍ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനില്‍ വന്ന് ഒപ്പിടുകയോ വേണം. 2023 ല്‍ ആദ്യ കാപ്പ കേസില്‍ അങ്ങനെ ആറുമാസം സ്റ്റേഷനില്‍ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു. ഇതിനെല്ലാം ഇടയിലാണ് 2019 മുതല്‍ 2026 വരെ മൂന്ന് വധശ്രമ കേസുകള്‍ ഉള്‍പ്പെടെ ഏഴു ക്രിമിനല്‍ കേസുകളില്‍ സുഗതന്‍ പ്രതിയായത്.
കേസുകളുടെ ചുരുക്കം ഇങ്ങനെ:
2019 ഓഗസ്റ്റ് 25, കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമം. 2023 ജൂലൈ 20- വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ക്കല്‍. 2023 ജൂലൈ 17- ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിക്കല്‍. 2025 മാര്‍ച്ച് 14- ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യശ്രമ കുറ്റം. 2025 ജൂലൈ 25- സെക്യൂരിറ്റി ജീവനക്കാരനെ പണം നല്‍കാത്തതിന് ഒരു ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്. 2026 ഫെബ്രുവരി 2- അന്ന് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തി എന്ന കേസ്.
ഈ കേസുകള്‍ എല്ലാം നിലനില്‍ക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുഗതനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. കൗണ്‍സിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാന്‍ ആവശ്യപ്പെട്ട് രണ്ട് പേര്‍ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതന്‍ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതന്‍ ആദ്യം സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി.കഴിഞ്ഞ ഏഴിന് പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ സുഗതന്‍ ഒളിവില്‍ പോവുകയായിരുന്നു.
തൊട്ടു പിന്നാലെ പോലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. ഇതില്‍ നടപടികള്‍ പൂര്‍ത്തിയായി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതന്‍ ഒളിവില്‍ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട് വളയുന്നതും പോലീസിനെ ആക്രമിക്കുന്നതിനിടെ സി ഐ ആകാശത്തേക്ക് നിറയൊഴിക്കുന്നതും. ആകാശത്തേക്കു വെടിയുതിര്‍ത്ത പോലീസ് നടപടിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകീര്‍ത്തിച്ചപ്പോള്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടപടിയെ തള്ളിക്കളഞ്ഞു.
source https://www.sirajlive.com/evidence-that-sugathan-was-made-bjp-candidate-when-he-was-an-accused-in-seven-cases-including-kappa.html
Post a Comment