തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് ഇന്നു തുടക്കം. തിരഞ്ഞെടുപ്പില്‍ യു ഡി എഫിനു വേണ്ടി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ മുഖ്യ ഇനമാണ് ഇന്നു യാഥാര്‍ഥ്യമാകുന്നത്.
രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെ എസ് ആര്‍ ടി സിയില്‍ പി എസ് സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍.
സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
ഏറ്റവും കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകളുള്ള തിരുവനന്തപുരത്ത് ഓര്‍ഡിനറി ബസ്സുകള്‍ക്കുമേല്‍ സിറ്റി ഫാസ്റ്റ് ഉള്‍പ്പെടെമറ്റു സ്റ്റിക്കറുകള്‍ പതിച്ചതായി വാര്‍ത്തകളുണ്ട്. സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓര്‍ഡിനറി സര്‍വീസ് ഉള്ളത് മലപ്പുറത്താണ്. ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സര്‍വീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം. ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സി പി എം എം എല്‍ എമാര്‍ പങ്കെടുക്കില്ല.
source https://www.sirajlive.com/free-travel-from-today-chief-minister-to-inaugurate-priyadarshini-project.html
Post a Comment